ന്യൂഡൽഹി: ചോദ്യക്കോഴ കേസിൽ ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നോട്ടീസയച്ചതിന് എതിരെ തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര വീണ്ടും ഡൽഹി ഹൈകോടതിയിലേക്ക്. സ്വമേധയാ ഒഴിയാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വരുമെന്നും ഭവന നിർമാണ-കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നൽകിയ നോട്ടീസിൽ പറയുന്നുണ്ട്. വസതി ഒഴിയാൻ മഹുവക്ക് ആവശ്യമായ സമയവും അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ജസ്റ്റിസ് മൻമോഹൻ കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് മഹുവയുടെ തീരുമാനം. മഹുവ മൊയ്ത്ര ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെ എം.പിമാർക്ക് അവരുടെ വീടുകളിൽ താമസിക്കാൻ അനുവാദമുണ്ടെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു.
ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട നോട്ടീസിനെതിരെ മഹുവ നൽകിയ ഹരജി നേരത്തേ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. ജനുവരി ഏഴിനകം വസതിയൊഴിയണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എം.പി.മാരുടെ ഉൾപ്പടെയുള്ള വസതികളുടെയും കേന്ദ്രസർക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിനാണ്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് പണവും ആഡംബര സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ കേസ്. ഡൽഹിയിലെ ടെലഗ്രാഫ് ലെയ്നിലാണ് മഹുവയുടെ ബംഗ്ലാവ്. കഴിഞ്ഞ ഡിസംബറിലാണ് മഹുവയെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു