പല്ലുകളിൽ അടിഞ്ഞുകൂടുന്ന കറയെ പേടിച്ച് ചിരി പുറത്തു കാട്ടാൻ മടിക്കുന്നവരും, വായ്നാറ്റത്തെ പേടിച്ച് വായൊന്ന് തുറക്കാൻ മടി കാട്ടുന്നവരും നമുക്കിടയിലുണ്ട്. ദന്ത ശുചിത്വമില്ലായ്മയാണ് ഇതിനു പിന്നിലെ പ്രധാന വില്ലൻ.
ഒരാളുടെ ആരോഗ്യ കാര്യത്തിൽ മറ്റെന്തിനേപോലെ പ്രധാനപ്പെട്ടതാണ് ദന്താരോഗ്യവും. ശരിയായ ദന്ത ശുചിത്വം പാലിക്കാത്തത് ഉടനടി ദോഷം വരുത്തുന്നതല്ലെങ്കിലും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
മോണരോഗങ്ങൾ, പല്ലുവേദന, വായ്‌നാറ്റം, പല്ലുകളിൽ പ്ലാക്കുകളും കറകളും അടിഞ്ഞുകൂടൽ, തുടങ്ങിയ പ്രശ്നങ്ങളെല്ലാം മോശം ദന്തശുചിത്വത്തിൻ്റെ ഫലമായി ഉണ്ടാകുന്നതാണ്.
ഒരാളുടെ വായയും പല്ലുകളുമെല്ലാം എല്ലായ്പ്പോഴും ആരോഗ്യ പൂർണ്ണമാക്കി നിലനിർത്തണമെങ്കിൽ ചില അടിസ്ഥാന ദന്ത ശുചിത്വ ശീലങ്ങൾ നാം പതിവാക്കി മാറ്റണം. അവ ഏതെല്ലാം എന്നറിയാം.
ബ്രഷിംഗ്
ദന്ത ശുചിത്വത്തെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം പറയേണ്ടത് ബ്രഷിങ്ങ് അഥവാ പല്ലു തേയ്പ്പിനെ കുറിച്ച് തന്നെ. ദിവസത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് ദന്തരോഗ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
രാവിലെ ഉറക്കമെണീറ്റ ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനു മുൻപ് ഒരു തവണയും, രാത്രി അത്താഴം കഴിച്ചതിനുശേഷം കിടക്കയിലേക്ക് പോകുന്നതിനു മുൻപ് ഒരു തവണയും വീതം പല്ലുകൾ നന്നായി ബ്രഷ് ചെയ്യണം. ഇതിനായി സോഫ്റ്റ് മീഡിയം അല്ലെങ്കിൽ അൾട്രാ ബ്രിസ്റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കാം. വിപണികളിൽ ഇന്ന് വിലകൂടിയ ഇലക്ട്രോണിക് ബ്രഷുകൾ മുതൽ സാധാരണ നോർമ്മൽ ടൂത്ത് ബ്രഷുകൾ വരെ ലഭ്യമാണ്.
വിലയിലല്ല കാര്യം ബ്രഷുകൾ ഏതായാലും അത് പല്ലുകളുടെ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുണ്ടോ എന്നതാണ് കാര്യം.
ഫ്ലോസിംഗ്
ഫ്ലോസിംഗ് എന്താണെന്ന് ചോദിച്ചാൽ മലയാളികൾ അതെന്തു കുന്തമാണെന്ന് ചോദിക്കുമെന്നുറപ്പാണ്. കാരണം നമ്മുടെ നാട്ടിൽ ഈ രീതി അധികം പ്രശസ്തി നേടിയിട്ടില്ല. സാധാരണ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ അതിൻ്റെ ഭക്ഷ്യകണികകൾ പല്ലുകൾക്കിടയിൽ കുടുങ്ങിയാൽ നമ്മളിൽ പലരും ഒരു ടൂത്ത്പിക്ക് ഉപയോഗിച്ചാണ് ഇതിനെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത്.
എന്നാൽ ടൂത്ത്പിക്കിൻ്റെ ഉപയോഗം നമ്മുടെ മോണയ്ക്ക് ദോഷം വരുത്തുമെന്നും പല്ലുകൾക്കിടയിൽ അനാവശ്യമായ വിടവ് സൃഷ്ടിക്കുമെന്നുമുള്ള വസ്തുത അധികം ആളുകൾക്കും അറിവുണ്ടാവില്ല. യഥാർത്ഥത്തിൽ ടൂത്ത്പിക്ക് ഉപയോഗിക്കുന്നതിനു പകരം ആളുകൾ ഫ്ലോസിംഗിലേക്ക് മാറണം. മെഴുക്കുള്ള നേർത്ത നൂലിൻ്റെ രൂപത്തിൽ ലഭ്യമാകുന്ന ഡെന്റൽ ഫ്ലോസുകളാണിവ. പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണത്തെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.
നൂലുകളുടെ രൂപത്തിലും അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ഹാൻഡിലിനോടൊപ്പവും ഇത് ലഭ്യമാണ്. ഏറ്റവും നേർത്തതായതുകൊണ്ടു തന്നെ ഓരോ തവണയും ഭക്ഷണം കഴിഞ്ഞ ശേഷം നിങ്ങളുടെ പല്ലുകൾക്കിടയിൽ കുടുങ്ങിതിനെ എളുപ്പത്തിൽ നീക്കം ചെയ്യാനിവ ഉപയോഗിക്കാം.
നാവ് വൃത്തിയാക്കൽ
ദന്ത ശുചിത്വമെന്നന്നാൽ പല്ലുകൾ വൃത്തിയാക്കുന്നത് മാത്രമല്ല. രുചിഭേദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഇന്ദ്രിയമായ നിങ്ങളുടെ നാവ് വൃത്തിയാക്കേണ്ടത് ദന്താരോഗ്യത്തിൻ്റെ ഒരു പ്രധാന വശമാണ്.
ദിവസത്തിൽ രണ്ടുതവണ പല്ലുകൾ ബ്രഷ് ചെയ്തിട്ടും നിങ്ങൾക്ക് വായ്‌നാറ്റത്തിൻ്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഒരുപക്ഷേ നാവായിരിക്കാം ഇതിന് പിന്നിലെ വില്ലൻ. ബ്രഷ് ചെയ്യുന്നതിനോടൊപ്പം നാവ് കൂടി പതിവായി ക്ലീൻ ചെയ്യേണ്ടതുണ്ട്.
മെറ്റാലിക്, പ്ലാസ്റ്റിക് ടങ് – ക്ലീനറുകൾ ഇന്ന് മിക്ക കടകളിലും എളുപ്പത്തിൽ ലഭ്യമാണ്. ചില ടൂത്ത് ബ്രഷുകളുടെ പിൻഭാഗത്തായി ഒരു നോൺ-ബ്രിസ്റ്റൽ ടങ്ക് ക്ലീനറുകളും ഉണ്ടാവും. അതും ഉപയോഗപ്പെടുത്താം.
മൗത്ത് വാഷ്
മൗത്ത് വാഷുകൾ നിങ്ങളുടെ പല്ലുകളും മോണയുമൊന്നും നേരിട്ട് വൃത്തിയാക്കില്ല. എന്നാൽ അവയ്ക്ക് നിങ്ങളുടെ വായയിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ കുറയ്ക്കാനും വായ്‌നാറ്റം മറയ്ക്കാനും സാധിക്കും.
വായ്‌നാറ്റം, മോണരോഗം, മോണകളിലെ വീക്കം, ക്യാവിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനും നിയന്ത്രിച്ചു നിർത്തുന്നതിനും ദന്തരോഗവിദഗ്ദ്ധൻ മൗത്ത് വാഷുകൾ നിർദ്ദേശിക്കാറുണ്ട്. ഇപ്പറഞ്ഞ രോഗങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഏറ്റവും വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്ന മൗത്ത് വാഷുകളിൽ ഒന്നാണ് ക്ലോറെക്സിഡിൻ ഡിഗ്ലുകോണേറ്റ്.
ഏതൊരു മൗത്ത് വാഷുകൾ ആണെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പ് വെളളത്തോടൊപ്പം ചേർത്ത് നേർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
മൗത്ത് വാഷ് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ തുടർച്ചയായി 21 ദിവസം മാത്രമേ ഇത് ഉപയോഗിക്കാവൂ, തുടർന്ന് വീണ്ടും തുടരുന്നതിന് മുമ്പ് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇടവേള എടുക്കണം.
മൗത്ത് വാഷുകളുടെ അമിത ഉപയോഗം പല്ലുകൾ കറകൾ അവശേഷിപ്പിക്കുന്നതിനും നിങ്ങളുടെ നാവിൻ്റെ രുചിമുകുളങ്ങളെ നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഇവയ്ക്ക് ഔഷധ ഗുണമൊന്നുമില്ല. അവ വായ്‌നാറ്റത്തെ താൽക്കാലികമായി നിയന്ത്രിക്കാൻ വേണ്ടിയുള്ളവ മാത്രമാണ്.