തൃശൂർ: ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനകൂട്ടമാണ് കാത്തുനിന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന് ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടെയെടുക്കാം.
ക്ഷേത്ര ദർശനത്തിനു ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിട്ടുണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്.
ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തും. തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. വൈകിട്ട് 6.50നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയശേഷം റോഡ് മാർഗം എംജി റോഡ് വഴി കെപിസിസി ജംക്‌ഷനിലെത്തി. അവിടെ നിന്ന് ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.