തൃശൂർ: മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വര്‍ണത്തളിക സമ്മാനിക്കാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് സ്വർണത്തളിക നിർമിച്ചത്. പ്രധാനമന്ത്രിക്കു സമ്മാനിക്കുന്നതിനു മുന്നോടിയായി എസ്‌പിജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചു.
ബുധനാഴ്ച രാവിലെ ഗുരുവായൂരിലാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ.
ചൊവ്വാഴ്ച രാത്രി എഴു മണിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നഗരത്തിൽ റോഡ് ഷോ നടത്തിയിരുന്നു. രാത്രി എറണാകുളം ഗവ. ഗെസ്റ്റ് ഹൗസില്‍ താമസിക്കുന്ന മോദി ബുധനാഴ്ച രാവിലെ 6.30ന് ഗുരുവായൂരിലേക്കു പോകും. സുരേഷ് ഗോപിയുടെ മകളുടേത് ഉള്‍പ്പെടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം കൊച്ചിയിലേക്കു മടങ്ങും.
ഉച്ചയ്ക്കു 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.