തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ആത്മകഥ ജനുവരി 25 ന് 3.30 ന് നിയമസഭാ മന്ദിരത്തിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
കർഷകരെയും അധ്വാനവർഗ്ഗത്തെയും ഹൃദയത്തിൽ ചേർത്തു നിർത്തിയ കെ എം മാണിയുടെ ആത്മകഥ അര നൂറ്റാണ്ടിലേറെക്കാലം പുതിയ കേരളത്തെ രൂപപ്പെടുത്തിയ ഭരണനിർവഹണത്തിന്റെ ചേതോഹരമായ നേർക്കാഴ്ചയാണ്.
ആത്മകഥയില്‍ നിന്നും ഒരു ഭാഗം….
പിളര്‍പ്പ് ഒരിക്കല്‍ക്കൂടി
പാര്‍ട്ടിയുടെ ഐക്യത്തിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഞാന്‍ വീണ്ടും തയ്യാറായി. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. ഇരുവിഭാഗങ്ങള്‍ക്കും തുല്യസീറ്റുകള്‍ എന്നതായിരുന്നു നേരത്തേ ഉണ്ടായിരുന്ന ധാരണ. അക്കാര്യത്തില്‍ കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്താലും പാര്‍ട്ടി പിളരാതെ നോക്കണം എന്നായിരുന്നു എന്റെ കരുതല്‍. പക്ഷേ, ജോസഫ് വിഭാഗം മറുപക്ഷത്തിനു നല്‍കാന്‍ തയ്യാറായത് കേവലം ആറു സീറ്റു മാത്രം. അവര്‍ കൈക്കലാക്കാന്‍ ശ്രമിച്ചത് അതിന്റെ മൂന്നിരട്ടിയും. ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തം അയവില്ലാത്തതാണെന്നു തെളിഞ്ഞതോടെ വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ ഇരുവിഭാഗവും തീരുമാനിച്ചു. അതോടെ വീണ്ടും പിളര്‍പ്പുപൂര്‍ണ്ണമായി.
ഞാന്‍ നേതൃത്വം നല്‍കുന്ന വിഭാഗം ഐക്യമുന്നണിയില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഒരുമിച്ചിരുന്ന് നിര്‍ണ്ണയിച്ച്, ഒരുമിച്ചിരുന്ന് പ്രഖ്യാപിക്കാന്‍ ചുമതലയുള്ള ചെയര്‍മാന്‍ ഒരു വിഭാഗത്തിന്റെ മാത്രം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചതു ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമായിരുന്നു.
ഇതിനിടെ ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കാന്‍ ജോസഫ് ഗ്രൂപ്പ് ശ്രമം തുടര്‍ന്നിരുന്നു. ഇടതുമുന്നണിയുടെ സീറ്റുവിഭജനചര്‍ച്ച പൂര്‍ത്തിയായിരുന്നതിനാല്‍ ജോസഫ് ഗ്രൂപ്പിനെക്കൂടി ഉള്‍ക്കൊള്ളാന്‍ അവര്‍ വലിയ താത്പര്യം കാട്ടിയതുമില്ല. ഇടതുമുന്നണി കൈയൊഴിഞ്ഞതോടെ ഐക്യമുന്നണിയില്‍ത്തന്നെ തുടര്‍ന്നുകൊണ്ടു കിട്ടിയ സീറ്റുകള്‍ പരമാവധി ഉപയോഗപ്പെടുത്തുവാനാണ് ജോസഫ് ഗ്രൂപ്പ് തീരുമാനിച്ചത്.
എക്കാലവും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഭാഗ്യാന്വേഷികളായ റിബലുകള്‍ ഐക്യമുന്നണിനേതൃത്വത്തിനു തലവേദനയുണ്ടാക്കും. കേരളാകോണ്‍ഗ്രസ്സിനു പുറമേ കോണ്‍ഗ്രസ്സിലും മുസ്ലിം ലീഗിലും സീറ്റുവിഭജനം കീറാമുട്ടിയായിത്തീര്‍ന്നു. നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് പലയിടങ്ങളിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ നല്‍കി. കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്ന എം.പി. ഗംഗാധരനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് റിബലുകള്‍ മലപ്പുറം ജില്ലയിലെ 12 മണ്ഡലങ്ങളിലാണ് പത്രിക കൊടുത്തത്. മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറത്ത് കോണ്‍ഗ്രസ് റിബലുകള്‍ പ്രശ്നമുണ്ടാക്കിയത് മുസ്ലിംലീഗ് ഇടയാന്‍ കാരണമായി. മുസ്ലിംലീഗ് കോണ്‍ഗ്രസ് മത്സരിക്കുന്ന പൊന്നാനിയിലും തിരുവനന്തപുരം വെസ്റ്റിലും ബദല്‍പത്രികകള്‍ നല്‍കിയാണ് പ്രതികരിച്ചത്. പാലായില്‍ എനിക്കെതിരെ ജോസഫ് ഗ്രൂപ്പു നേതാവ് ടി.വി. എബ്രഹാം ഇതിനിടയില്‍ പത്രിക സമര്‍പ്പിച്ചിരുന്നു.
ഐക്യമുന്നണിയില്‍ത്തന്നെ തുടരുന്ന ഇരുവിഭാഗം കേരളാകോണ്‍ഗ്രസ്സുകളും പരസ്പരം ചേരിതിരിഞ്ഞ് അരയും തലയും മുറുക്കി മത്സരത്തിനിറങ്ങിയതോടെ ഐക്യമുന്നണിയുടെ താളം തെറ്റുമെന്ന നിലവന്നു. സീറ്റുവിഭജനത്തെ സംബന്ധിച്ച് ആശങ്കയും പുകമറകളും അവസാനിച്ചിരുന്നില്ല. ദേവികുളം സീറ്റു സംബന്ധിച്ച തര്‍ക്കംതന്നെ ഉദാഹരണം. ഐക്യമുന്നണി ആ സീറ്റ് ഞാന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനാണ് അനുവദിച്ചിരുന്നത്. ജോസഫ് ഗ്രൂപ്പ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ദേവികുളം ഉണ്ടായിരുന്നില്ല. ജോസഫ് ഗ്രൂപ്പിന് അവിടെ സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. അവിടെ സ്ഥാനാര്‍ത്ഥിയായി ഞാന്‍ എന്‍. ഗണപതിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉടനെ ജോസഫ് വിഭാഗം റിബലായി എന്‍. കിട്ടപ്പ നാരായണസ്വാമിയും രംഗപ്രവേശം ചെയ്തു. കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാതിരിക്കുക എന്നതു മാത്രമായിരുന്നു ഇതിനു പിന്നിലെ ചേതോവികാരം. കിട്ടപ്പ നാരായണസ്വാമി കോണ്‍ഗ്രസ്സില്‍നിന്നും രണ്ടുവര്‍ഷത്തേക്ക് സസ്പെന്റു ചെയ്യപ്പെട്ട ആളായിരുന്നു. വി.ടി. സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഐക്യമുന്നണി കണ്‍വെന്‍ഷന്‍ അടിമാലിയില്‍ ഗണപതിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അതേ സമയംതന്നെ പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ യോഗം ചേര്‍ന്നാണ് കിട്ടപ്പനാരായണസ്വാമിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്!
ഗണപതി, ബാലകൃഷ്ണപിള്ളയുമായും പി.ജെ. ജോസഫുമായും ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ടി.എം. ജേക്കബിനെ ഒഴിവാക്കിയാലേ പ്രശ്നങ്ങള്‍ രമ്യമായി തീരുകയുള്ളൂവെന്ന വാദമാണത്രേ അവര്‍ ഉയര്‍ത്തിയത്. ജേക്കബിനെ കൈവിടുന്നതിനോട് എനിക്കും കരുണാകരനും യോജിപ്പുണ്ടായിരുന്നില്ല.
തിരുവല്ലായിലെയും ദേവികുളത്തെയും പ്രശ്നങ്ങള്‍ രൂക്ഷമായതോടെ കെ. കരുണാകരനും സി.വി. പത്മരാജനും കേന്ദ്രമന്ത്രി എം.എം. ജേക്കബും ജോസഫിനെ സന്ദര്‍ശിച്ചു. തിരുവല്ലായിലെ ജോസഫ് ഗ്രൂപ്പു സ്ഥാനാര്‍ത്ഥി ഉമ്മന്‍ മാത്യുവിനെ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതുപോലെത്തന്നെ, ദേവികുളത്ത് കിട്ടപ്പനാരായണസ്വാമിക്കു നല്‍കാന്‍ തീരുമാനിച്ച പിന്തുണയും. ഒടുവില്‍ ജോസഫ് അവരുടെ നിര്‍ദ്ദേശത്തിനു വഴങ്ങി.
തമ്മില്‍ത്തല്ലും പരസ്യമായ വിഴുപ്പലക്കലുകളും പാര്‍ട്ടിക്കോ മുന്നണിക്കോ ഗുണം ചെയ്യുകയില്ല എന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമുണ്ടായിരുന്നില്ല. വോട്ടെടുപ്പിന് ഏതാനും ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മണ്ഡലങ്ങളെച്ചൊല്ലിയുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് രമ്യമായി തെരഞ്ഞെടുപ്പുവിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ അണികളോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പിളര്‍ന്നതിനെക്കുറിച്ച് ഇനി ആകുലപ്പെട്ടിട്ടു കാര്യമില്ല.
നിര്‍ഭാഗ്യകരമായ ഈ സംഭവവികാസങ്ങള്‍ക്കു ഞാനുത്തരവാദിയായിരുന്നില്ല. പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറായിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായിരുന്നു. 1985- ല്‍ യോജിപ്പിലെത്തിയിരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പു രംഗത്ത് ഏറെ ശക്തമായി മുന്നേറേണ്ടതായിരുന്നു. കേരളത്തിലെ മറ്റേതൊരു രാഷ്ട്രീയപ്രസ്ഥാനത്തോടും കിടപിടിക്കാനുതകുന്ന തരത്തില്‍ പാര്‍ട്ടിയെ ശക്തമാക്കിയെടുക്കാനുള്ള ശ്രമങ്ങളില്‍ ഞാന്‍ വ്യാപൃതനുമായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തുവന്ന നിര്‍ണ്ണായകമുഹൂര്‍ത്തത്തില്‍ സംഭവിച്ച പിളര്‍പ്പ് എന്നെ ഒട്ടൊന്നു തളര്‍ത്തി. ഭിന്നതകള്‍ മറന്ന് പാര്‍ട്ടി തെരഞ്ഞെടുപ്പുമുഖത്ത് മുന്നേറേണ്ട സമയത്താണ് അശനിപാതംപോലെ പിളര്‍പ്പ് പാര്‍ട്ടിക്കുമേല്‍ വന്നുവീണത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായിരുന്നു.
ഐക്യമുന്നണിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളം മുഴുവന്‍ ഓടിനടക്കേണ്ട ബാദ്ധ്യതകൂടി എനിക്കുണ്ടായിരുന്നു. എല്ലായിടത്തും ആളുകള്‍ എന്നെ കേള്‍ക്കാന്‍ ഓടിയെത്തിയത് എനിക്ക് ആവേശജനകമായിരുന്നു. ഐക്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയമുറപ്പാക്കാന്‍ ‘എണ്ണയിട്ട യന്ത്രംപോലെ’ എന്നു പറയാവുന്നവിധം എല്ലായിടത്തും ഞാന്‍ ഓടിയെത്തി. അഭിപ്രായഭിന്നതകള്‍ മറന്ന് തൊടുപുഴയിലും ഞാന്‍ പ്രചാരണത്തിനു പോവുകയും പി.ജെ. ജോസഫിന്റെ വിജയത്തിനായി ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
‘പി.ജെ. ജോസഫിന്റെ തൊടുപുഴയിലെ വിജയം എന്റെ വിജയമാണ്. പാലായിലെ എന്റെ വിജയം ജോസഫിന്റെയും,’ ജോസഫിനെ ചേര്‍ത്തുനിര്‍ത്തി ഞാന്‍ പറഞ്ഞു.
‘ജോസഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും വിജയം എന്റെയും വിജയമാണ്. ഞാന്‍ നിര്‍ത്തിയിട്ടുള്ള എല്ലാവരുടെയും വിജയം ജോസഫിന്റെയും. ഇതു കേരളാകോണ്‍ഗ്രസ്സിന്റെ മാത്രം വിജയമല്ല, ജനാധിപത്യചേരിയുടെ മുഴുവന്‍ വിജയമാണ്. സ്നേഹിതരേ, ഞാന്‍ അപേക്ഷിക്കുകയാണ്. തൊടുപുഴയുടെ പുരോഗതിക്കായി വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജോസഫിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.’
സീറ്റുതര്‍ക്കത്തെത്തുടര്‍ന്ന് ഏകോദരസോദരങ്ങളെപ്പോലെ വര്‍ത്തിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കളായി മാറുകയും അതിലും വേഗം അടുത്ത
സ്നേഹിതരെപ്പോലെ ഒന്നായി പെരുമാറുകയും ചെയ്യുന്നതു ജനങ്ങളെ അദ്ഭുതപ്പെടുത്താതിരുന്നില്ല. അത് ഐക്യമുന്നണിയുടെ പ്രവര്‍ത്തകരില്‍ ആവേശം വിതച്ചു.
നെല്ലാപ്പാറയില്‍ ജോസഫ് പ്രചാരണം നടത്തുന്നതിനിടയില്‍ അവിടം പിന്നിട്ട് എന്റെ കാര്‍ മുട്ടം ജങ്ഷനിലേക്കു തിരിഞ്ഞപ്പോള്‍ ജോസഫ് ഗ്രൂപ്പിന്റെ അനൗണ്‍സ്മെന്റ് വാഹനത്തിലുള്ളവര്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു, ‘ഐക്യജനാധിപത്യമുന്നണിയുടെ കാവല്‍ഭടന്മാരായ പി. ജെ. ജോസഫും കെ.എം. മാണിയും ഇതാ ഈ വാഹനത്തിനു പിന്നാലെ.’
ഏറ്റവും അടുത്ത സ്നേഹിതരെപ്പോലെ ഞങ്ങള്‍ മുട്ടത്ത് ഒത്തുകൂടി. പ്രസംഗം കഴിഞ്ഞ് ഞങ്ങള്‍ ഇരുവരും കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. പിരിയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അന്വേഷിച്ചു: ‘അപ്പോള്‍ ഔസേപ്പച്ചന്‍ പാലായ്ക്ക് എപ്പോഴാ?’
‘നാളെ ആറുമണിക്ക് ഉഴവൂരില്‍,’ ജോസഫ് ഡയറിയില്‍ സമയം കുറിച്ചിട്ടു.
എനിക്കെതിരെ പാലായില്‍ മത്സരിക്കാന്‍ ഇത്തവണ എത്തിയത് കെ.എസ്. സെബാസ്റ്റ്യനായിരുന്നു. കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട്ടിലെ ഒരിടത്തരം കുടുംബത്തില്‍ ജനിച്ച സെബാസ്റ്റ്യന്‍ 1965 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. 1972-ല്‍ കെ.പി.സി.സി. അംഗമായ അദ്ദേഹം ഏഴുവര്‍ഷമായി എ.ഐ.സി.സി. (എസ്) അംഗവും കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളുമായിരുന്നു. പാലായില്‍ എനിക്കു ശക്തനായ ഒരെതിരാളിയെ നിറുത്താന്‍ കഴിഞ്ഞുവെന്ന് എതിര്‍പക്ഷത്തിന് ആശ്വസിക്കുവാനായെങ്കിലും അദ്ദേഹം മതിയായ ഒരെതിരാളി ആയിരുന്നില്ല.
പാലായില്‍ എന്റെ ഏഴാം ഊഴമായിരുന്നു. പാര്‍ട്ടിചിഹ്നത്തില്‍ ഇത്തവണ മാറ്റമുണ്ടായി. പതിവുചിഹ്നമായ കുതിര, രണ്ടിലയ്ക്കു വഴിമാറിക്കൊടുത്തു. പുതിയ ചിഹ്നത്തെക്കുറിച്ചു ഞാന്‍ ഇങ്ങനെ പറഞ്ഞു: ‘ഈ ചിഹ്നം നേരത്തേ കിട്ടേണ്ടതായിരുന്നു. അദ്ധ്വാനവര്‍ഗ്ഗത്തിന്റെ തളിരിലയാണിത്..!’
ഇത്തവണ പാലായില്‍ അനായാസവിജയമാണെന്ന് എന്റെ മനസ്സു പറഞ്ഞു. കുറെനാള്‍ മുമ്പ് മരങ്ങാട്ടുപിള്ളിയില്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി കരുണാകരന്‍ പറഞ്ഞ വാക്കുകള്‍ അതിന്റെ സൂചനയായിരുന്നു. പാലായ്ക്കു വേണ്ടി ഞാന്‍ ചെയ്ത നന്മകളുടെയും വികസനത്തിന്റെയും ആകത്തുകയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍:
‘പാലായില്‍ ഇനി റോഡു വെട്ടണമെങ്കില്‍ അതു വീടുകളുടെ അടുക്കളയിലൂടെ വേണം. ജില്ലാതലസ്ഥാനമായ കോട്ടയം പട്ടണത്തിനൊപ്പം, റബ്ബര്‍പ്പണത്തിന്റെ പ്രാമാണിത്തമുള്ള പാലാനഗരത്തെ ഉയര്‍ത്തിയെടുക്കുന്നതില്‍ കെ.എം. മാണി വഹിച്ച പങ്ക് നിസ്തുലമാണെന്നു പറയുന്നതില്‍ അതിശയോക്തി ഉണ്ടാവുമെന്നു തോന്നുന്നില്ല. പാലായിലെ ഏഴുനില സിവില്‍ സ്റ്റേഷന്‍, നദീതടപദ്ധതി, പൊതുസ്ഥാപനങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി കെ.എം. മാണിയുടെ നേട്ടങ്ങളായി പാലാക്കാര്‍ക്ക് കാണിക്കുവാന്‍ ഏറെയുണ്ടിവിടെ.’
ഒരുദിവസം ഞാന്‍ എന്റെ പ്രസംഗത്തിനിടയില്‍ ഇങ്ങനെ ചോദിച്ചു: ‘കരുനെച്ചിയിലെ ക്ഷേത്രവും പാലാപള്ളിയും എനിക്കു തുല്യം. എന്നും ഞാന്‍ എല്ലാവരെയും ഒന്നായേ കണ്ടിട്ടുള്ളൂ. ജാതിയോ പാര്‍ട്ടിയോ നോക്കിയെന്ന് ആര്‍ക്കെങ്കിലും പരാതിയുണ്ടോ?’
കെ.എം. മാണി സിന്ദാബാദെന്ന ജനക്കൂട്ടത്തിന്റെ ആര്‍ത്തുവിളിയായിരുന്നു മറുപടി. കാരണം, അത്തരമൊരാരോപണം ഉന്നയിക്കുവാനുള്ള അവസരം അവരുടെ ഓര്‍മ്മയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ കൊടുത്തിട്ടില്ല. പാലാമണ്ഡലത്തില്‍ സവര്‍ണ്ണഹിന്ദുക്കളുള്‍പ്പടെ ഹൈന്ദവര്‍ ഏറെയുള്ള കുറിച്ചിത്താനം തുടങ്ങിയ മേഖലകളില്‍പ്പോലും എനിക്കെന്നും വന്‍വിജയമാണു ലഭിച്ചിരുന്നത്.
കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി ഞാന്‍ കൊണ്ടുവന്ന ആനുകൂല്യങ്ങളെല്ലാംതന്നെ ഐക്യമുന്നണി പ്രചാരണ ആയുധങ്ങളാക്കി മാറ്റി. നികുതിയിളവ്, കാര്‍ഷിക വായ്പാപദ്ധതി, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, സബ്സിഡി തുടങ്ങി ബജറ്റുകളിലൂടെ ഞാന്‍ അവതരിപ്പിച്ച വിവിധയിനം കര്‍ഷകക്ഷേമപദ്ധതികള്‍ ആ വിഭാഗത്തിന്റെ വോട്ടുറപ്പിക്കുന്നതിനായി ഐക്യമുന്നണിപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ഘോഷിച്ചു നടന്നു.
വിവിധ വകുപ്പുകളില്‍ മന്ത്രിയായിരിക്കവേ ഞാന്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികളായ വെളിച്ചവിപ്ലവം, സാമൂഹിക ജലസേചനപദ്ധതി, സൗജന്യ നിയമസഹായം തുടങ്ങിയവയും അഭിമാനപൂര്‍വ്വം ഐക്യമുന്നണിക്കാര്‍ ഉയര്‍ത്തിക്കാട്ടിയ മുന്നണിനേട്ടങ്ങളായി മാറി.
തത്ത്വത്തില്‍ പാലായില്‍ ഇടതുമുന്നണി തീര്‍ത്തും പിന്തള്ളപ്പെട്ടുപോവുകയാണുണ്ടായത്. എനിക്കെതിരെ അവര്‍ക്ക് ആകെക്കൂടി ഉയര്‍ത്താനുണ്ടായിരുന്നത് പാലായില്‍ വെള്ളമുള്ള ഒറ്റ ലോഡ്ജുണ്ടോ എന്ന ചോദ്യം മാത്രമായിരുന്നു എന്നു പറയുമ്പോള്‍ത്തന്നെ ഇടതുമുന്നണിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാമല്ലോ. ഒട്ടൊക്കെ തോല്‍വി ഉറപ്പിച്ചു കൊണ്ടുതന്നെയാണ് ഇടതുമുന്നണിപ്രവര്‍ത്തകര്‍ പാലാ മണ്ഡലത്തില്‍ തങ്ങളുടെ പ്രചാരണം നടത്തിയതും.
എന്നാല്‍ കേരളത്തിലെ പൊതുവായ രാഷ്ട്രീയകാലാവസ്ഥ ഐക്യമുന്നണിക്ക് അനുകൂലമായിരുന്നില്ല. ഐക്യമുന്നണിയിലെ തൊഴുത്തില്‍ക്കുത്തുകളും ഗ്രൂപ്പുകളിലെ ഉള്‍പ്പോരും തികഞ്ഞ പരിഹാസത്തോടെയാണ് പൊതുജനം നോക്കിക്കണ്ടത്. പരസ്പരം പോരടിക്കുന്നതിനും പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ഏറെ സമയം നീക്കിവെച്ച കരുണാകരന്‍സര്‍ക്കാരിന് സംസ്ഥാനത്തിനുവേണ്ടി ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ ജനങ്ങളില്‍ വേരുപിടിച്ചിരുന്നു. ജനോപകാരപ്രദമായ പല പരിപാടികളും ആവിഷ്‌കരിച്ചുവെങ്കിലും അതിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍സംവിധാനം പരാജയപ്പെട്ടു എന്നതായിരുന്നു സത്യം. കേരളാകോണ്‍ഗ്രസ്സിലെ പിളര്‍പ്പും കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കും ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യമില്ലായ്മയുമെല്ലാം മുന്നണിയുടെ വിജയസാദ്ധ്യതകള്‍ക്ക് ഏറെ മങ്ങലേല്‍പ്പിച്ചിരുന്നു. പ്രതിപക്ഷത്തിന് ഐക്യമുന്നണി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ കിട്ടിയ നല്ല ആയുധമായിരുന്നു, അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇടുക്കി തങ്കമണിയിലെ പോലീസ് അതിക്രമം.
അക്കാലത്തെ പ്രസംഗങ്ങളില്‍ ഞാന്‍ മുഖ്യമായും ശ്രദ്ധവെച്ചത് മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ നയങ്ങളിലെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനായിരുന്നു. ഒരു പ്രസംഗത്തില്‍ ഞാനിങ്ങനെ പരിഹസിച്ചു:
‘കേരളാകോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ എന്തൊക്കെ ന്യായങ്ങളാണു പറഞ്ഞത്. ഞങ്ങള്‍ അദ്ധ്വാനവര്‍ഗ്ഗമാണ്, പുരോഗമനവാദികളാണ്, ചെറുകിടകര്‍ഷകരുടെ പാര്‍ട്ടിയാണ് എന്നൊക്കെയല്ലേ? ആ ബാന്ധവം ഞങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ കേരളാകോണ്‍ഗ്രസ് വര്‍ഗീയകക്ഷിയായി. വേറെ ഉപമയൊന്നും എനിക്ക് ഓര്‍മ്മ വരുന്നില്ല. അതുകൊണ്ടു പഴയതുതന്നെ പറയട്ടെ, നമ്പൂതിരിക്കും മുന്തിരിങ്ങ പുളിക്കും! നാടുനീളെ കര്‍ഷകസ്നേഹം പ്രസംഗിച്ചു നടക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടി കര്‍ഷകനുവേണ്ടി എന്തു ചെയ്തുവെന്നു ഞാന്‍ ചോദിക്കുന്നു? കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കാര്യം പറഞ്ഞേക്കാം. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അതു പ്രഖ്യാപിച്ചതെങ്കിലും അദ്ദേഹം അതിന്റെ പിതൃത്വം അവകാശപ്പെടുമെന്നു തോന്നുന്നില്ല. ഞാന്‍ അവതരിപ്പിച്ച ബജറ്റിലാണു പ്രഖ്യാപിച്ചത്. കര്‍ഷകത്തൊഴിലാളിപെന്‍ഷനും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ. ഞാനും മുതലാച്ചനുംകൂടിയാ പിടിച്ചത് എന്നുവേണമെങ്കില്‍ വീമ്പിളക്കാം.’
ഒരുപിടി മണ്ണിന്റെ ഉടമ മാര്‍ക്സിസ്റ്റുവീക്ഷണത്തില്‍ പെറ്റി ബൂര്‍ഷ്വയാണ്. അതാണവരുടെ ജനകീയസോഷ്യലിസം. സ്വന്തം മണ്ണില്‍ പണിയെടുക്കുന്നവരെയും തൊഴിലാളികളായേ എനിക്കു കാണാന്‍ കഴിയൂ. അതാണെന്റെ അദ്ധ്വാനവര്‍ഗ്ഗമേധാവിത്വസിദ്ധാന്തം. വന്‍തുക വേതനം നേടുന്നവര്‍ എന്റെ വീക്ഷണത്തില്‍ തൊഴിലാളികളല്ല. സ്വന്തമായുള്ള ഒരുകീറു ഭൂമിയില്‍ അദ്ധ്വാനിച്ചു ജീവിക്കുന്നവന്‍ തൊഴിലാളിയാണുതാനും.
എങ്കിലും ഐക്യമുന്നണിക്കെതിരായ വിധിയെഴുത്താവും ഇത്തവണയെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. 75 സീറ്റു നേടിക്കൊണ്ട് ഇടതുമുന്നണി അധികാരം തിരിച്ചുപിടിച്ചു. ഐക്യമുന്നണിക്ക് 61 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സി.പി.എം. 36 സീറ്റു നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് 32സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
ഐക്യമുന്നണിയുടെ മുന്‍നിരക്കാര്‍ പലരും പരാജയത്തിന്റെ കയ്പുനീരറിഞ്ഞു. മന്ത്രിമാരായ എ.എല്‍. ജേക്കബ്, സി.വി. പത്മരാജന്‍, കടവൂര്‍ ശിവദാസന്‍, എം. കമലം, സുന്ദരന്‍ നാടാര്‍, മുന്‍സ്പീക്കര്‍ എ.സി. ജോസ്, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് എം.കെ. രാഘവന്‍ തുടങ്ങിയവര്‍ക്ക് നിയമസഭ കാണാന്‍ ഇക്കുറി കഴിഞ്ഞില്ല. തങ്കമണിസംഭവം ഇടതുമുന്നണിക്ക് മറ്റിടങ്ങളില്‍ ഏറെ വോട്ടു നേടിക്കൊടുത്തെങ്കിലും സംഭവമുണ്ടായ ഇടുക്കിയില്‍ വിജയം കണ്ടത് ഐക്യമുന്നണിയാണ്. എസ്.ആര്‍.പി. ഒരു സീറ്റിലും ജയിച്ചില്ല. എന്‍.ഡി.പി., സി.എം.പി. എന്നീ കക്ഷികള്‍ക്ക് ഓരോ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പാലായില്‍ എന്റെ വിജയം ആവര്‍ത്തിച്ചു. എതിരാളി കെ.എസ്. സെബാസ്റ്റ്യനെക്കാള്‍ 12,610 വോട്ട് എനിക്കു കൂടുതല്‍ ലഭിച്ചു. കേരളാകോണ്‍ഗ്രസ്സില്‍നിന്നും വിജയിച്ച മറ്റു സ്ഥാനാര്‍ത്ഥികള്‍ സി.എഫ്. തോമസ്, ടി.എം. ജേക്കബ്, മാത്യു സ്റ്റീഫന്‍ എന്നിവരായിരുന്നു. ജോസഫ് വിഭാഗത്തില്‍നിന്ന് അഞ്ചുപേര്‍ വിജയിച്ചു.
ഐക്യമുന്നണിയുടെ തോല്‍വിക്കു പ്രധാനകാരണം മുന്നണിക്കുള്ളില്‍ത്തന്നെയുണ്ടായ ഉള്‍പ്പോരുകളായിരുന്നു. ജയസാദ്ധ്യത ഉണ്ടായിരുന്ന പലയിടങ്ങളിലും റിബല്‍ശല്യം മൂലം പരാജയം ക്ഷണിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ ഐക്യമുന്നണിക്ക് കനത്ത തോല്‍വിയാണു സംഭവിച്ചത്.
കേരളാകോണ്‍ഗ്രസ്സിന്റെ തോല്‍വിയെക്കുറിച്ച് മലയാള മനോരമ ഇങ്ങനെയാണു വിലയിരുത്തുന്നത്:
‘ഇരു കേരളാകോണ്‍ഗ്രസ്സുകളും ഒരു മുന്നണിയിലായിരുന്നുവെങ്കിലും പരസ്പരം കാലുവാരുന്നതിലാണ് ഇവര്‍ മത്സരിച്ചതെന്നു കോട്ടയത്തെ മത്സരഫലം സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ ജില്ലയില്‍ 5 സീറ്റു നേടിയ കേരളാകോണ്‍ഗ്രസ് ഇത്തവണ ഏഴിടത്തു മത്സരിച്ചെങ്കിലും 2 സീറ്റു മാത്രമേ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളൂ. മാണിഗ്രൂപ്പു മത്സരിച്ച 4 സീറ്റില്‍ 2 എണ്ണം നേടിയപ്പോള്‍ ജോസഫ് വിഭാഗം മത്സരിച്ച 3 സീറ്റില്‍ 2-ാം സ്ഥാനത്തെങ്കിലും വരാന്‍ കഴിഞ്ഞത് ഒരു സീറ്റിലാണ്.’
ജോസഫ് ഗ്രൂപ്പുകാര്‍ ആദ്യം റിബല്‍സ്ഥാനാര്‍ത്ഥിയെ കുതിരചിഹ്നത്തില്‍ നിറുത്തുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത തിരുവല്ലയില്‍ കേരളാകോണ്‍ഗ്രസ്സിലെ പി.സി. തോമസ് നേരിയ വോട്ടുകള്‍ക്കാണ് ജനതാപാര്‍ട്ടിയിലെ മാത്യു ടി. തോമസ് എന്ന ഇരുപത്തഞ്ചുകാരന്‍ യുവാവിനോട് ഏറ്റുമുട്ടി പരാജയമടഞ്ഞത്. കല്ലുപ്പാറയില്‍ പ്രമുഖ ജോസഫ് ഗ്രൂപ്പ് നേതാവായ ടി.എസ്. ജോണും പരാജയമടഞ്ഞവരുടെ പട്ടികയിലാണ് സ്ഥാനംപിടിച്ചത്.
തെരഞ്ഞെടുപ്പുപരാജയത്തിന് എല്ലാ ഘടകകക്ഷികള്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്നും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ വിലയിരുത്തലിന് തയ്യാറാകണം എന്നുമായിരുന്നു എന്റെ പ്രതികരണം. മുന്നണിയുടെ വൈകല്യങ്ങള്‍ മൂടിവെക്കാനും മറ്റുള്ളവരില്‍ പഴിചാരി രക്ഷപ്പെടാനുമുള്ള ശ്രമങ്ങളോട് ഞാന്‍ യോജിപ്പു പ്രകടിപ്പിച്ചില്ല. ഇതിനൊരു പ്രത്യേക കാരണവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുരംഗത്തെ ഐക്യമുന്നണിയുടെ പരാജയത്തിനു കാരണമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി തനിക്കു ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു നടത്തിയ പ്രസ്താവനപ്രകാരം, കേരളസര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയമായിരുന്നത്രേ. ആ നയം ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കി. വിദ്യാഭ്യാസസമ്പ്രദായത്തില്‍ എന്താണു സംഭവിക്കുന്നതെന്ന ആശങ്കയുണ്ടായി.
മുന്‍ വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി എന്നതു വാസ്തവമായിരുന്നു. പല പരിഷ്‌കാരങ്ങളും ഗുണത്തെക്കാളേറെ ദോഷമാണു ചെയ്തത്. പലപ്പോഴും വിദ്യാഭ്യാസരംഗം കലാപകലുഷിതമായിത്തീരുന്നതിന് ജേക്കബിന്റെ പ്രവൃത്തികള്‍ കാരണമാകുകയും ചെയ്തു. എങ്കിലും ഒരു മുന്നണിയുടെയും സര്‍ക്കാരിന്റെയും തോല്‍വിക്ക് അതു മതിയായ കാരണമാകുന്നില്ല.
സംഭവബഹുലമായ മറ്റൊരു മന്ത്രിസഭാകാലഘട്ടത്തിനു തുടക്കം കുറിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. 1987 മാര്‍ച്ച് 26നായിരുന്നു സത്യപ്രതിജ്ഞ. ഗ്രൂപ്പുവഴക്കുകള്‍കൊണ്ട് ജനങ്ങളെ മടുപ്പിച്ച ഐക്യമുന്നണിക്കുശേഷം അധികാരത്തിലേറിയ നായനാര്‍ സര്‍ക്കാരില്‍ പൊതുജനങ്ങള്‍ എറെ പ്രതീക്ഷ അര്‍പ്പിച്ചതുപോലെയായിരുന്നു രാഷ്ട്രീയാന്തരീക്ഷം. പൊതുജനഹിതമനുസരിച്ചും പാവപ്പെട്ടവന്റെ താത്പര്യമനുസരിച്ചും പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ നായനാര്‍ക്കും കൂട്ടുകാര്‍ക്കും ബാദ്ധ്യതയുണ്ടായിരുന്നു. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ സാധാരണ കണ്ടുവരുന്ന ഒരു ദോഷമുണ്ട്. അധികാരത്തിന്റെ പിന്‍ബലംകൂടി നേടുന്ന സഖാക്കള്‍ തങ്ങളുടെ രാഷ്ട്രീയവൈരികള്‍ക്കെതിരേ ആഞ്ഞടിക്കും. പോലീസുകാര്‍ ഫലത്തില്‍ സഖാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പരിണമിക്കും. കേരളത്തില്‍ സാധാരണ ജനജീവിതം താറുമാറാകുകയും രക്തപ്പുഴകള്‍ ഒഴുകുകയും ചെയ്യാനിടയുണ്ട് എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. മുന്‍കാലാനുഭവങ്ങള്‍തന്നെ കാരണം.
അതങ്ങനെതന്നെ സംഭവിച്ചു. നായനാര്‍ സര്‍ക്കാര്‍ അധികാരമേറി ഏറെ വൈകുന്നതിനു മുമ്പുതന്നെ വീണ്ടും കാര്യങ്ങള്‍ പഴയപടിയിലേക്കാണോ നീങ്ങുന്നതെന്നു സംശയമുളവാക്കുന്ന ചില സംഭവങ്ങളുണ്ടായി.
വിലക്കയറ്റത്തിനും മാര്‍ക്സിസ്റ്റ് ആക്രമണത്തിനുമെതിരെ ആ വര്‍ഷം നവംബറില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരളത്തിലെങ്ങും പിക്കറ്റിങ് നടത്തി. പിക്കറ്റിങ്ങുകാര്‍ക്കു നേരേ പോലീസ് ചാടിവീണു. വലുതും ചെറുതുമായ നേതാക്കളെ പൊതിരെ തല്ലി. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനു വിധേയരായി. സഹപ്രവര്‍ത്തകരെ തല്ലരുതെന്നപേക്ഷിച്ച മുതിര്‍ന്ന നേതാവ് കെ. ശങ്കരനാരായണനെ അശ്ലീലവര്‍ഷംകൊണ്ട് പോലീസുകാര്‍ അഭിഷേകം ചെയ്തു. പന്തളം സുധാകരനെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകകൂടി ചെയ്തതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായി രംഗത്തെത്തി.
നിയമസഭ സമ്മേളിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പ്രക്ഷുബ്ധമായ പല രംഗങ്ങള്‍ക്കും വികാരപ്രകടനങ്ങള്‍ക്കും സഭ സാക്ഷ്യം
വഹിക്കേണ്ടിവന്നു. നായനാര്‍മന്ത്രിസഭയ്ക്കെതിരേയുള്ള ഒന്നാമത്തെ അവിശ്വാസപ്രമേയത്തിന് പ്രസ്തുത സംഭവം കളമൊരുക്കി. വി.എം. സുധീരനായിരുന്നു പ്രമേയംകൊണ്ടുവന്നത്. പ്രതീക്ഷിച്ചതുപോലെതന്നെ അവിശ്വാസപ്രമേയം 74 നെതിരെ 57 വോട്ടുകള്‍ക്ക് സഭ തള്ളിക്കളഞ്ഞു. ആര്‍. ബാലകൃഷ്ണപിള്ളയുള്‍പ്പെടെ നാലു പ്രതിപക്ഷാംഗങ്ങള്‍ വ്യക്തിപരമായ പല കാരണങ്ങളാല്‍ വോട്ടിങ്ങിനുകൂടി എത്തുകയുണ്ടായില്ല. അവിശ്വാസപ്രമേയം പാസാകും എന്ന് പ്രതിപക്ഷത്തിനുപോലും പ്രതീക്ഷയുണ്ടായിരുന്നില്ല എന്നു വ്യക്തം. എങ്കിലും നായനാര്‍സര്‍ക്കാരിനെതിരേ പ്രതിപക്ഷവികാരം പ്രകടിപ്പിക്കാനുള്ള ജനാധിപത്യമാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു അവിശ്വാസപ്രമേയാവതരണം.
ഇക്കാലഘട്ടത്തില്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇന്ത്യയെമ്പാടും ഏറെ ശ്രദ്ധിക്കപ്പെട്ട എന്റെ മിച്ച ബജറ്റിനു പിന്നാലെ ധനമന്ത്രി വിശ്വനാഥമേനോന്റെ പുതിയ ബജറ്റ് 40 കോടി രൂപ കമ്മിയും 150 കോടി രൂപയുടെ പുതിയ നികുതിനിര്‍ദ്ദേശങ്ങളും കൊണ്ടുവന്നിരുന്നു.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശരിയായി വിലയിരുത്താനോ സാമ്പത്തികവികസനം ത്വരിതപ്പെടുത്താനോ സഹായകമായ ഒരു നിര്‍ദ്ദേശവും ബജറ്റിലുണ്ടായിരുന്നില്ല. വിശ്വനാഥമേനോന്റെ പ്രസംഗത്തിലെ മുഖ്യഭാഗവും രാഷ്ട്രീയം മാത്രമായിരുന്നു. കമ്മി നികത്തുന്നതിന് ഗവണ്‍മെന്റ് കൊണ്ടുവന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും ജനദ്രോഹപരവുമാണെന്നും അവയില്‍നിന്നും സര്‍ക്കാരിനു പ്രതീക്ഷിക്കുന്ന വരുമാനം കിട്ടില്ല എന്നും ഞാന്‍ ചൂണ്ടിക്കാട്ടി.
മൊത്തം 158 കോടി രൂപയുടെ അധിക ധനസമാഹരണത്തിനു ശേഷവും വര്‍ഷാവസാനം 135 കോടിയുടെ വിടവുണ്ടാകുമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. ധനമന്ത്രിയുടെ കണക്കുകള്‍ തെറ്റാണെന്നും കൂടുതല്‍ കമ്മി വരുമെന്നും ഞാന്‍ പറഞ്ഞുവെച്ചു.
പരമ്പരാഗതവ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിക്കും സ്‌കൂള്‍ക്കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുമായി നീക്കിവെച്ചിരുന്നത് ഒരു കോടി രൂപ മാത്രമായിരുന്നു. പക്ഷേ, ആ പദ്ധതി പ്രയോഗികമാക്കണമെങ്കില്‍ 20 കോടി രൂപ വേണം. അപ്പോള്‍ കമ്മി 155 കോടി രൂപയാകും. അഭിവൃദ്ധിമേഖലയില്‍നിന്നും 71 കോടി ധനമന്ത്രി പ്രതീക്ഷിക്കുന്നുവെങ്കിലും പരമാവധി 35 കോടിയേ ലഭിക്കുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ സാമ്പത്തികവര്‍ഷാവസാനം കമ്മി 190 കോടി രൂപയായി ഉയരും, ഞാന്‍ മുന്നറിയിപ്പു നല്‍കി. ഇതിനെ പ്രതിരോധിക്കാനും സ്വന്തം നിലപാട് സമര്‍ത്ഥിക്കാനും വിശ്വനാഥമേനോന് കഴിഞ്ഞില്ല.
ധനമന്ത്രി അവതരിപ്പിച്ച ഒരു നിര്‍ദ്ദേശത്തിനു സാങ്കേതിക തടസ്സമുണ്ടായിരുന്നു. കാറുകള്‍ക്ക് 50% നികുതി വര്‍ദ്ധിപ്പിക്കുന്നതിന് മോട്ടോര്‍വാഹനനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ (ടാക്സേഷന്‍) നിയമം സംസ്ഥാനത്തിന്റേതാണ്. അതു ഭേദഗതി ചെയ്യുവാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. എന്നാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് കേന്ദ്രത്തിന്റേതാണ്. അതു ഭേദഗതി ചെയ്യുമെന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. അതിന് കേന്ദ്രത്തിനേ അവകാശമുള്ളൂ. കേന്ദ്രത്തിന്റെ പരിധിയിലുള്ള മോട്ടോര്‍വാഹനനിയമത്തില്‍ സംസ്ഥാനസര്‍ക്കാര്‍ എങ്ങനെയാണ് ഭേദഗതി വരുത്തുക എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ധനമന്ത്രിയും ഭരണപക്ഷവും ചിന്താക്കുഴപ്പത്തിലായി. പരിഹാസച്ചിരിയുയര്‍ത്തി പ്രതിപക്ഷം ധനമന്ത്രിയെ വിയര്‍പ്പിക്കുകയും ചെയ്തു.
ഞാന്‍ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് 166 കോടിയോളം മിച്ചമുണ്ടായിരുന്ന സംസ്ഥാനം വൈകാതെ 200 കോടിയോളം രൂപ കമ്മിയിലേക്ക് വഴുതിവീണു. കൂനിന്മേല്‍ കുരുവെന്നപോലെ ബജറ്റില്‍ അവതരിപ്പിച്ച പല നികുതിനിര്‍ദ്ദേശങ്ങളും ധനമന്ത്രി വിശ്വനാഥമേനോനു പിന്‍വലിക്കേണ്ടിവന്നിരുന്നു. പല പദ്ധതികളും ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയാതിരുന്നതും സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കി.
ഒരിക്കല്‍ നിയമസഭയില്‍ ചൂടുപിടിച്ച സ്ത്രീധനവിവാദംതന്നെയുണ്ടായി. സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നു നിയമമിരിക്കേ സ്ത്രീധന ഉടമ്പടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ കേരളമുദ്രപ്പത്രഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തുകളഞ്ഞു! സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ല അതിനു പ്രേരിപ്പിക്കുന്നതും കുറ്റമാണ്. ആ നിലയില്‍ ധനമന്ത്രി ക്രിമിനല്‍ക്കുറ്റമാണ് ചെയ്തിരിക്കുന്നത്. ഞാന്‍ ഓര്‍മ്മിപ്പിച്ചു. പക്ഷേ, തനിക്കു ലഭിച്ച നിയമോപദേശമനുസരിച്ച് ആ നിലപാടില്‍ അപകടമൊന്നുമില്ല എന്നായിരുന്നു വിശ്വനാഥമേനോന്റെ വാദം. വീണിടത്തു കിടന്നുരുളാന്‍ ശ്രമിച്ച മന്ത്രിയെ സഹായിക്കാനായി നിയമമന്ത്രി ചന്ദ്രശേഖരന്‍ മുന്നോട്ടു വന്നു.
ഇംഗ്ലീഷിലുള്ള ബില്ലില്‍ സ്ത്രീധനത്തിന് ഡവര്‍ (dower) എന്നാണുള്ളത്. ഭര്‍ത്താവ് ഭാര്യയ്ക്കു കൊടുക്കുന്നതാകയാല്‍ സ്ത്രീധനത്തിനു നേരെ വിപരീതമാണ് അത് എന്നായിരുന്നു നിയമമന്ത്രിയുടെ മുടന്തന്‍ന്യായം. എന്നാല്‍ ഡവര്‍ എന്നാല്‍ സ്ത്രീധനംതന്നെയാണെന്ന് ആധികാരികരേഖകളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ടായില്ല. മഹര്‍ ഒഴിച്ചുള്ളതെല്ലാം സ്ത്രീധനനിരോധനനിയമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഞാന്‍ തുടര്‍ന്നു വിശദീകരിച്ചതോടെ നിയമപണ്ഡിതനായ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനുപോലും സ്വന്തം മന്ത്രിയുടെ നിലപാടിനെക്കുറിച്ച് സംശയമായി.
അക്കാലത്ത് കേന്ദ്രത്തിന്റെ നയത്തില്‍ ചില വ്യതിയാനങ്ങള്‍ വന്നത് കേരളത്തെ ഏറെ ദോഷകരമായി ബാധിച്ചു. കേന്ദ്ര ഇറക്കുമതി നയവ്യതിയാനം കാരണം റബ്ബര്‍, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയുടെ വിലയിടിഞ്ഞു. മുമ്പ് റബ്ബര്‍ ഇറക്കുമതി നടത്തിയിരുന്നത് എസ്.ടി.സി. മാത്രമായിരുന്നു. പുതിയ നയപ്രകാരം ഉപയോക്താക്കളായ വ്യവസായികള്‍ക്ക് ഓപ്പണ്‍ ജനറല്‍ ലൈസന്‍സ് അടിസ്ഥാനപ്പെടുത്തി റബ്ബര്‍ ഉത്പന്നമായ ടയര്‍ ഇഷ്ടാനുസരണം ഇറക്കുമതി ചെയ്യാം. കേരളത്തിലെ റബ്ബര്‍ ഉത്പാദകര്‍ക്ക് ഇടിത്തീപോലെയാണ് ഈ തീരുമാനം അനുഭവപ്പെട്ടത്. കൂടാതെ കനാലൈസ്ഡ് വിഭാഗത്തില്‍ പെട്ടിരുന്ന ഗ്രാമ്പൂ, നെല്ലിക്ക, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒ.ജി.എല്ലില്‍ ആക്കിക്കൊടുത്തതും കേരളത്തിലെ കാര്‍ഷികസമൂഹത്തിന്റെ നട്ടെല്ലൊടിക്കുന്ന തീരുമാനമായി.
ഇതിനെത്തുടര്‍ന്നു ഞാനും പാര്‍ട്ടിഭാരവാഹികളും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. നാണ്യവിളകളുടെയും റബ്ബറിന്റെയും വിലയിടിവ് കാരണം കേരളത്തിനുണ്ടായ കഷ്ടനഷ്ടങ്ങള്‍ വിശദീകരിച്ചുകൊടുത്തു. രാജീവ് ഗാന്ധി എന്നോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. വിശദമായ കണക്കോടെ കേന്ദ്രസര്‍ക്കാര്‍നയംമൂലം കേരളത്തിനുണ്ടാകുന്ന നഷ്ടം രാജീവിനെ ഞാന്‍ ബോദ്ധ്യപ്പെടുത്തി. കൂടാതെ റബ്ബറിനു കിലോയ്ക്കു 18 രൂപയെങ്കിലും ലഭ്യമാക്കണമെന്നും ടയര്‍ ഇറക്കുമതിതീരുമാനം പിന്‍വലിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്റെ വിശദീകരണം തൃപ്തികരമായി തോന്നിയ പ്രധാനമന്ത്രി പ്രസ്തുത നയങ്ങളില്‍ സംഭവിച്ച പാകപ്പിഴകള്‍ പരിഹരിച്ച് ഈ പ്രതിസന്ധിയില്‍നിന്നു കേരളത്തെ രക്ഷിക്കാമെന്ന് ഞങ്ങള്‍ക്കുറപ്പു നല്‍കി. അദ്ദേഹം പിന്നീട് വാക്കുപാലിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ സ്നേഹോഷ്മളമായ പെരുമാറ്റത്തില്‍ തികഞ്ഞ സംതൃപ്തിയോടെയാണ് ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയത്.
കേരളം ഭരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങളില്‍ ചിലത് കര്‍ഷകര്‍ക്ക് ദോഷം സംഭവിക്കുന്ന തരത്തിലായിരുന്നു. എന്റെ മുന്‍ ബജറ്റുകളിലൊന്നില്‍ വെള്ളം വറ്റിച്ചു കൃഷി ചെയ്യുന്ന കായല്‍ കോള്‍ക്കൃഷിക്കാര്‍ക്ക് പമ്പിങ് സബ്സിഡി അനുവദിച്ചിരുന്നു. ആ പദ്ധതി കാലക്രമത്തില്‍ മുടങ്ങിപ്പോയി. നായനാര്‍സര്‍ക്കാരും ആ പദ്ധതി അവഗണിക്കുകയാണുണ്ടായത്. അതുപോലെതന്നെ മുന്‍സര്‍ക്കാര്‍ ആവിഷ്‌കരിച്ച, കാര്‍ഷിക സഹകരണബാങ്കുകളില്‍നിന്നെടുക്കുന്ന കാര്‍ഷികവായ്പയ്ക്ക് 5% പലിശ സബ്സിഡിയും നായനാര്‍സര്‍ക്കാര്‍ മരവിപ്പിച്ചുകളഞ്ഞു. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും ചെയ്തില്ലെങ്കില്‍ വമ്പിച്ച കാര്‍ഷികപ്രക്ഷോഭത്തിന് കേരളാകോണ്‍ഗ്രസ് ഒരുങ്ങുമെന്ന രാഷ്ട്രീയനിലപാട് ഞാന്‍ സ്വീകരിച്ചു.
സര്‍ക്കാരിന്റെ സാമ്പത്തികമാനേജ്മെന്റ് രംഗത്തും പിടിപ്പുകേട് വ്യക്തമായിരുന്നു. വില്‍പ്പനനികുതിയിനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യംവെച്ചതിലും ഏറെ താഴെ തുകയേ പിരിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ. എഴുനൂറു കോടിയില്‍പ്പരം രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 588 കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുള്ളൂ എന്നു ഞാന്‍ കണക്കുകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി.
അബ്കാരിനയത്തിലെ പാളിച്ചകള്‍മൂലം ആയിനത്തിലുള്ള കേരളസര്‍ക്കാരിന്റെ വരുമാനം എറെ കുറഞ്ഞതും സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിക്ക് ആക്കം കൂട്ടി. ബസ്ചാര്‍ജ് കൂട്ടുക, പാഠപുസ്തകവില വര്‍ദ്ധിപ്പിക്കുക, കറന്റുചാര്‍ജ് കൂട്ടുക തുടങ്ങി സാധാരണക്കാരന്റെ ദൈനംദിനജീവിതത്തെ തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്ന നടപടികള്‍ നായനാര്‍സര്‍ക്കാര്‍ ആവിഷ്‌കരിച്ചതോടെ സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമായി. സര്‍ക്കാരിനെതിരേ ഒരു തുറന്ന യുദ്ധത്തിന് കേരളാകോണ്‍ഗ്രസ് തയ്യാറെടുക്കുകയായിരുന്നു.
കേരളാകോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറെ ചരിത്രപ്രാധാന്യമുള്ള വര്‍ഷമായിരുന്നു 1988. ആ വര്‍ഷം ഒക്ടോബര്‍ 9ന് പാര്‍ട്ടി സ്ഥാപിതമായിട്ട് 25 വര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. കേരളരാഷ്ട്രീയത്തിലെ നിര്‍ണ്ണായകഘടകമായി ചുവടുറപ്പിച്ചുകഴിഞ്ഞ കേരളാകോണ്‍ഗ്രസ്സിന്റെ രജതജൂബിലി സമുചിതമായിത്തന്നെ ആഘോഷിക്കണമെന്ന് ഉത്സാഹഭരിതരായ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനിച്ചു. പതിനായിരംപേര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ജൂബിലി പ്രതിനിധിസമ്മേളനം കൊച്ചിയിലെ ദര്‍ബാര്‍ഹാളില്‍ നടന്നു. കേരളാകോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ആ നിമിഷത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന എന്തെങ്കിലുമൊന്നു ബാക്കിവെക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ‘അവകാശപ്രഖ്യാപനരേഖ’ രൂപംകൊണ്ടത്. 1978ലെ ‘അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്ത’ത്തിനും 1985ലെ ‘കേരളാകോണ്‍ഗ്രസ് സംസ്‌കാര’ത്തിനും പിന്നാലെയുണ്ടായ മറ്റൊരു ചരിത്രരേഖയായിരുന്നു അത്.
കേരളീയന്റെ ദൈനംദിനജീവിതത്തെ ബാധിക്കുന്ന 27 പ്രധാനപ്രശ്നങ്ങളാണ് അന്‍പതു പേജുള്ള അവകാശപ്രഖ്യാപനരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഓരോ പ്രശ്നത്തിനുമുള്ള സമഗ്ര പരിഹാരനിര്‍ദ്ദേശങ്ങളും അതില്‍ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ജനക്ഷേമം സംരക്ഷിക്കാത്ത സര്‍ക്കാരിന് നിലനില്‍ക്കാന്‍ അവകാശമില്ല. ജനക്ഷേമം പരിരക്ഷിക്കുന്നതിന് അവസാനംവരെയും പോരാടും- ആ രേഖയിലെ പ്രധാന മുദ്രാവാക്യം ഇതായിരുന്നു.
ജനക്ഷേമം ഭരണകൂടത്തിന്റെ ബാദ്ധ്യതയും ജനങ്ങളുടെ അവകാശവുമാണെന്ന പ്രഖ്യാപനം കേരളാകോണ്‍ഗ്രസ് അംഗങ്ങള്‍ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. അവകാശരേഖ അംഗീകരിച്ച സദസ്സ് അവകാശപ്രതിജ്ഞയുമെടുത്തു.