ബംഗളൂരു: വിവിധ പള്ളികള്‍ പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി. കര്‍ണാടക ഉത്തര കന്നഡ എം.പി അനന്ത് കുമാര്‍ ഹെഗ്‌ഡെയാണ് ആഹ്വാനവുമായി രംഗത്തെത്തിയത്.ഭട്കല്‍, ഉത്തര കന്നഡ, മാണ്ഡ്യ എന്നിവിടങ്ങളിലെ നിരവധി പള്ളികളെ പരാമര്‍ശിച്ചാണ് ഹെഗ്‌ഡെയുടെ പ്രസ്താവന. അവ ഹിന്ദുവിന്റെ മതപരമായ സ്ഥലങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചതും പൊളിക്കേണ്ടതുമാണെന്നാണ് ഇയാളുടെ വാദം.
ശനിയാഴ്ച കുംതയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെ മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തിയത്. ‘1992ല്‍ ബാബരി മസ്ജിദ് എങ്ങനെ പൊളിച്ചോ അതുപോലെ കര്‍ണാടകയിലെ ഭട്കലിലേതുള്‍പ്പെടെയുള്ള പള്ളികളും പൊളിക്കണം’- അനന്ത്കുമാര്‍ ആഹ്വാനം ചെയ്തു.
‘സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ചെറിയ മതപരമായ സ്ഥലങ്ങളില്‍ അതിക്രമിച്ചുകയറി നിര്‍മാണം നടത്തിയിട്ടുണ്ട്. അവ പൊളിക്കുന്നതുവരെ ഹിന്ദു സമൂഹം വെറുതെയിരിക്കരുത്. കഴിഞ്ഞുപോയ 1,000 വര്‍ഷത്തിന് പ്രതികാരം ചെയ്യണം. അതില്‍ പാര്‍ട്ടിക്ക് വിഷമിക്കേണ്ടിവരില്ല’- ബിജെപി നേതാവ് പറഞ്ഞു.
‘പത്രങ്ങള്‍ എഴുതട്ടെ. ചിലര്‍ ഇത് ഒരു ഭീഷണിയായി കാണുന്നു. ഒരു ഉറപ്പ് എന്ന നിലയിലാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. പ്രതികാരം ചെയ്യണം. 1000 വര്‍ഷത്തിന് പ്രതികാരം ചെയ്തില്ലെങ്കില്‍ ഞങ്ങളുടേത് ഹിന്ദു രക്തമല്ലെന്ന് ഹിന്ദു സമൂഹത്തിന് വ്യക്തമായി പറയാൻ കഴിയും’- ഹെഡ്ഗെ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തത് മുഴുവൻ ഹിന്ദു സമൂഹത്തിനും വേണ്ടിയാണെന്നും ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.
ഭട്കല്‍ മസ്ജിദ് തകര്‍ക്കുന്നത് ബാബരി മസ്ജിദ് തകര്‍ത്തതു പോലെ ഉറപ്പായ കാര്യമാണ്. ഇത് അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ തീരുമാനമല്ല, ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും ബിജെപി എം.പി പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘മൂകൻ’ എന്ന് വിളിച്ച് പരിഹസിച്ച ഹെഗ്‌ഡെ, അദ്ദേഹം ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും ആരോപിച്ചു. ആരോപണങ്ങളോട് പ്രതികരിക്കവെ, ഹെഡ്‌ഗെയെ ‘അപരിഷ്‌കൃതൻ’ എന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ, ആ പെരുമാറ്റം അയാളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതായും വ്യക്തമാക്കി.
അതേസമയം, വിദ്വേഷ പ്രസംഗത്തില്‍ ഹെഡ്ഗെയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ഐപിസി സെക്ഷൻ 153 (വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (വിദ്വേഷം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് കുംത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടര്‍ ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഇതിനിടെ, ഹെഗ്‌ഡെയുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയ ബിജെപി എംഎല്‍എയും മുൻ ഉപമുഖ്യമന്ത്രിയുമായ സി.എൻ അശ്വത് നാരായണ്‍ അവ പാര്‍ട്ടി നിലപാടല്ലെന്നും പ്രതികരിച്ചു. അനന്ത് കുമാര്‍ ഹെഗ്‌ഡെ എം.പിയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുമായി യോജിക്കുന്നതല്ലെന്ന് അശ്വത് നാരായണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.