ദുബൈ: നോൾ കാർഡിൽ മിനിമം റീ ചാർജ് നിരക്ക് പരിഷ്കരിച്ച നിയമം തിങ്കളാഴ്ചമുതൽ പ്രാബല്യത്തിലായതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മിനിമം ടോപ് അപ് ചാർജ് നിരക്ക് അഞ്ചുരൂപയിൽ 20 ദിർഹമായാണ് ഉയർത്തിയത്. കാർഡിലെ മിനിമം ബാലൻസ് 7.50ൽനിന്ന് 15 ദിർഹമായും വർധിപ്പിച്ചിട്ടുണ്ട്.
ദുബൈ മെട്രോ, ബസ്, ട്രാം, ബോട്ടുകൾ എന്നിവ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാനായി പ്രീപെയ്ഡ് സ്മാർട്ട് കാർഡ് എന്ന നിലയിലാണ് നോൾഡ് കാർഡ് ഉപയോഗിക്കുന്നത്. ടാക്സികൾ, വാഹന പാർക്കിങ്, പൊതു പാർക്കുകളിലെ പ്രവേശന ഫീസ്, ഇത്തിഹാദ് മ്യൂസിയം, നഗരത്തിലെ 2000ത്തിലധികം വരുന്ന ഷോപ്പുകൾ, റസ്റ്റാറന്റുകൾ എന്നിവിടങ്ങളിലെല്ലാം നോൾ കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്താം. നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ആർ.ടി.എയുടെ ടിക്കറ്റ് വെൻഡിങ് മെഷീൻ, സോളാർ ടോപ് അപ് മെഷീൻ, നോൾ പേ ആപ്പ് എന്നി വഴി യാത്രക്കാർക്ക് നോൾ കാർഡ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
നോൾ പ്ലസ് കാർഡുള്ളവർക്ക് പ്രത്യേക ഇളവുകളും ആർ.ടി.എ പ്രഖ്യാപിക്കാറുണ്ട്. ഇതുവഴി ഷോപ്പിങ് നടത്തുമ്പോൾ പ്രത്യേക ഓഫറുകൾ ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു