തൃശൂർ: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സിപിഎം. കരുവന്നൂര്‍ ബാങ്കിൻ്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ഇഡി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നുമാണ് സിപിഎം ആരോപിക്കുന്നത്.സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന പേരില്‍ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കരുവന്നൂരില്‍ ക്രമക്കേടുകള്‍ നടത്തിയതിന് സിപിഎം പുറത്താക്കിയ രണ്ട് പേരെ മാപ്പുസാക്ഷികളാക്കിയാണ് കേന്ദ്ര ഏജൻസി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. ലോണ്‍ നല്‍കുന്നതിന് ഒരു സഹകരണ ബാങ്കിലും സിപിഎം തീരുമാനമെടുത്ത് നല്‍കാറില്ലെന്നും നിര്‍ദ്ദേശങ്ങളും നല്‍കാറില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളാണ് ഇക്കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കാറുള്ളത്. അങ്ങനെ മാത്രമാണ് കരുവന്നൂര്‍ ബാങ്കിലും ഉണ്ടായിട്ടുള്ളത്. പാര്‍ട്ടി ഫണ്ടിന്റെ കാര്യത്തിലും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു.
കൃത്യമായ വരവ് ചെലവുകള്‍ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇലക്‌ട്രറല്‍ ബോണ്ടിൻ്റെ പേരില്‍ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ച് അത് വിവരാവകാശ നിയമത്തിൻ്റെ പരിധിയില്‍ പോലും പെടുത്താതെ ദുരൂഹമായി കൈകാര്യം ചെയ്യുന്ന കേന്ദ്ര ഭരണകക്ഷിയെ വെള്ള പൂശുന്നതിനാണ് ശ്രമിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍ തുടര്‍ച്ചയായി നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.