അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ റാലി നടത്തുമെന്ന പ്രഖ്യാപനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്. എല്ലാ മതങ്ങളിലെ ആളുകളെയും ഉള്‍ക്കൊള്ളിച്ച് ഐക്യത്തിന് വേണ്ടിയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ നിന്നും മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനില്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലെക്ക് ക്ഷേത്ര ട്രസ്റ്റ് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചരണ വിഷയം രാമക്ഷേത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത് വളരെ വൈകിയാണ്. ആര്‍എസ്എസ് ബിജെപി പരിപാടിയായതിനാല്‍ കോണ്‍ഗ്രസ് പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് അറിയിച്ചത്. എന്നാല്‍ മകരസംക്രാന്തി ദിനത്തില്‍ യുപി കോണ്‍ഗ്രസ് യൂണിറ്റ് അയോധ്യയില്‍ എത്തിയിരുന്നു.