മൂവാറ്റുപുഴ: ആയുർവേദ ചികിത്സയ്ക്കായുള്ള ഉത്പ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിൽനിന്ന് ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. തൃക്കാരിയൂർ സ്വദേശി രാജശ്രീ, മകൾ ഡോ. ലക്ഷ്മി നായർ എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിൽ ആയുർവേദ ഉത്പ്പനങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് ഇരുവരും ചേർന്ന് പണം തട്ടിയത്. 2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരികയായിരുന്നു. ഉത്പ്പന്നങ്ങൾ വിറ്റു ലഭിക്കുന്ന തുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്.
ഇക്കഴിഞ്ഞ ഡിസംബറോടെ തട്ടിപ്പ് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ആയുർവേദ ഉപകരണങ്ങൾ വാങ്ങിയവർ രാജശ്രീ പറഞ്ഞ അക്കൗണ്ടിലേക്കാണ് പണം നൽകികൊണ്ടിരുന്നത്. യുകെയിൽ ജോലി ചെയ്തിരുന്ന രാജശ്രീയുടെ മകളുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. അപ്പോഴേയ്ക്കും പോലീസ് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഭാരവണ്ടികൾക്ക് നിരോധനം:പൈപ്പ് ലൈൻ റോഡിൽ ക്രോസ് ബാർ സ്ഥാപിച്ചു
കമ്പനിയുടെ ഉത്പ്പന്നങ്ങൾ സ്വന്തം നിലയിൽ വിറ്റ് പണം രാജശ്രീയുടെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് ഇവർ ഒന്നരക്കോടിയോളം രൂപ തട്ടിയത്. മറ്റ് അക്കൗണ്ടുകളിലേക്കും പണം പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, കമ്പനിയുടെ സോഫ്റ്റ്വെയറിൽ വരെ പ്രതികൾ കൃത്രിമം കാണിച്ചതായും പോലീസ് കണ്ടെത്തി.
രാജശ്രീയുടെ ഫോൺ പരിശോധിച്ചതോടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ആയുർവേദ കമ്പനിയിൽ പ്രവർത്തന നഷ്ടം ശ്രദ്ധയിൽപെട്ടതോടെയാണ് സ്ഥാപന ഉടമ ജീവനക്കാരെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു