ബെംഗളൂരു: ഛര്‍ദിയും ഡയേറിയയും കാരണം അവശനിലയിലായ യുവതി റെയില്‍വെ ജീവനക്കാരനോട് സഹായം തേടിയപ്പോള്‍ ലൈംഗീകമായി പീഡിപ്പിച്ചതായി ബ്രിട്ടീഷ് യുവതിയുടെ പരാതി. ജനുവരി പത്തിന് ഹംപിയില്‍ നിന്നും ബെംഗളൂരുവിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കേസെടുത്ത റെയിൽവേ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിലാണെന്നും അറിയിച്ചു.
യാത്രക്കിടെ തന്‍റെ രോഗാവസ്ഥ മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ബെംഗളൂരു റെയില്‍വെ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസംബര്‍ 31ന് ഇവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. ജനുവരി 4ന് മധുരയും..ജനുവരി 6ന് ബെംഗളൂരുവിലും എത്തി. അവിടെ നിന്ന് ബസിൽ ഹംപിയിലേക്കും പോയി. തുടര്‍ന്ന് ജനുവരി 10നാണ് 16591 ഹംപി എക്സപ്രസില്‍ ബെംഗളൂരുവിലേക്ക് തിരിച്ചത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് യാത്രയ്‌ക്ക് മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും അപ്പര്‍ ബര്‍ത്താണ് ലഭിച്ചതെങ്കിലും മുകളിലേക്ക് കയറാനാവാത്ത സ്ഥിതിയായിരുന്നെന്നും യുവതി പറഞ്ഞു. പിന്നീട് മറ്റൊരു സഹയാത്രികന്‍റെ സഹായത്തോടെ ലോവര്‍ ബര്‍ത്തിലേക്ക് മാറുകയായിരുന്നുവെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.
ട്രെയിൻ ഹോസ്‌പേട്ടിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ശാരീരിക അസ്വസ്ഥതകൾ സഹിക്കവയ്യാതെ യുവതി ട്രെയിനിലെ ഒരു ജീവനക്കാരനോട് സഹായം തേടി. 23 വയസ് പ്രായം തോന്നിക്കുന്ന ഐഡി കാര്‍ഡ് ധരിച്ചിരുന്നതായും യുവതി പറയുന്നു. ഇയാള്‍ തന്നെ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവാവിനെ എതിര്‍ക്കാന്‍ പോലും ശേഷി തനിക്കില്ലായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴി. പിറ്റേന്ന് പുലര്‍ച്ചെ 5.15ന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഈ ജീവനക്കാരനെ കാണാനില്ലായിരുന്നു എന്ന് യുവതി പറയുന്നു.
ഹോട്ടലില്‍ എത്തിയ ശേഷം യുവതി ഇന്ത്യക്കാരനായ സുഹൃത്തിനോട് സംഭവം പറയുകയായിരുന്നു. സുഹൃത്താണ് റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ യുവതിയെ റെയില്‍വേ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. യുവതിയുടെ മൊഴിയെടുത്ത ശേഷം 354 എ പ്രകാരമുള്ള വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു