ക്യാൻസര്‍ രോഗം, ഇന്ന് നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും വൈകി മാത്രം രോഗനിര്‍ണയം നടക്കുന്നു എന്നതിനാലാണ് ക്യാൻസര്‍ ചികിത്സ പ്രയാസകരമാകുന്നത്. എങ്കില്‍ക്കൂടിയും ക്യാൻസര്‍ ചികിത്സാമേഖലയില്‍ വളരെയധികം പോസിറ്റീവായ മാറ്റങ്ങള്‍ ഇന്ന് കണ്ടുവരുന്നുണ്ട്.
ക്യാൻസര്‍ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും ചില വ്യത്യസ്തതകളോടെയാണ് പിടിപെടുന്നത്. ഇരുകൂട്ടരുടെയും ശാരീരിക വ്യത്യാസങ്ങള്‍ പോലെ തന്നെ രോഗത്തില്‍ വരുന്ന വ്യത്യാസങ്ങളും. ഇത്തരത്തില്‍ പുരുഷന്മാരില്‍, അതും നാല്‍പത് കടന്നവരില്‍ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള ക്യാൻസറുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്
നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ഒരിനം ക്യാൻസര്‍ പ്രോസ്റ്റേറ്റ് ക്യാൻസറാണ്. ഇത് പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും ഇതറിയാനുള്ള പരിശോധന നടത്തുന്നത് (പിഎസ്എ ടെസ്റ്റ് അടക്കം) ഉചിതമാണ്. പാരമ്പര്യ ഘടകങ്ങളും ഈ ക്യാൻസറിലേക്ക് വളരെയധികം നയിക്കും.
രണ്ട്
മലാശയ ക്യാൻസറാണ് നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ക്യാൻസര്‍. ഇതും സ്ത്രീകളെക്കാള്‍ പുരുഷന്മാരെ ബാധിക്കുന്നതിനാലാണ് ശ്രദ്ധ വേണമെന്ന് പറയുന്നത്. പാരമ്പര്യഘടകങ്ങള്‍ക്ക് പുറമെ മോശം ജീവിതരീതികളും മലാശയ ക്യാൻസറിലേക്ക് നയിക്കാം. ദഹനപ്രശ്നങ്ങള്‍ പതിവാകുന്നത്, മലത്തില്‍ രക്തം, വയറ്റിനകത്ത് എപ്പോഴും അസ്വസ്ഥത പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ ആശുപത്രിയില്‍ പോയി പരിശോധന നടത്തുക.
മൂന്ന്
ശ്വാസകോശാര്‍ബുദമാണ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട വേറൊരിനം ക്യാൻസര്‍. പ്രത്യേകിച്ച് പുകവലി പോലുള്ള ദുശീലമുള്ളവര്‍ ഇത് ഏറെ ശ്രദ്ധിക്കണം. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണ് ശ്വാസകോശാര്‍ബുദത്തില്‍ കാണുക. ഇത് പക്ഷേ ക്യാൻസര്‍ കുറെക്കൂടി തീവ്രമായ ശേഷം കാണുന്ന ലക്ഷണങ്ങളായതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും സ്ക്രീനിംഗ് (പരിശോധന ) നടത്തുന്നതാണ് ഏറെ നല്ലത്.
നാല്
മൂത്രാശയ ക്യാൻസറിനെ ചൊല്ലിയും നാല്‍പത് കടന്ന പുരുഷന്മാര്‍ക്ക് ശ്രദ്ധ വേണ്ടതാണ്. കാരണം ഇതും പുരുഷന്മാര്‍ക്കിടയില്‍ കൂടുതലായി കാണുന്ന ക്യാൻസര്‍ ആണ്. മൂത്രത്തില്‍ രക്തം, ഇടവിട്ട് മൂത്രശങ്ക, സ്വകാര്യഭാഗത്ത് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ ഉടനടി പരിശോധന നടത്തണം.
അഞ്ച്
പാൻക്രിയാട്ടിക് ക്യാൻസറും പുരുഷന്മാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത് എന്നതിനാല്‍ ഇതും ശ്രദ്ധിക്കേണ്ടതാണ്. ആമാശയത്തിന് പിറകിലായി കാണുന്ന പാൻക്രിയാസ് എന്ന അവയവത്തെയാണ് ഇത് ബാധിക്കുന്നത്. ദഹനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുന്നതിന് നിര്‍ണായകപങ്ക് വഹിക്കുന്ന അവയവമാണ് പാൻക്രിയാസ്. അതിനാല്‍ തന്നെ പതിവാകുന്ന ദഹനപ്രശ്നങ്ങള്‍, വയറുവേദന, ശരീരഭാരം കുറയല്‍ എന്നിവയെല്ലാമാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണമായി വരുന്നത്.
പാൻക്രിയാറ്റിക് ക്യാൻസറില്‍ ചില വെല്ലുവിളികളുണ്ട്. നേരത്തെ ലക്ഷണങ്ങള്‍ കാണിക്കില്ല, അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളേ കാണിക്കൂ എന്നതൊരു പ്രശ്നം. ഈ ക്യാൻസര്‍ മനസിലാക്കുന്നതിന് ഫലപ്രദമായ സ്ക്രീനിംഗ് ടെസ്റ്റുകളില്ല എന്നത് മറ്റൊരു പ്രശ്നം. അവസാനമായി, ഇത് എളുപ്പത്തില്‍ ഗുരുതരമാകുന്ന ക്യാൻസറാണെന്നതും പ്രശ്നമാണ്. എന്നിരിക്കലും ചികിത്സയിലൂടെ മറികടക്കാൻ സാധിക്കുന്നത് തന്നെ.
ആറ്
കരള്‍ ക്യാൻസറാണ് അടുത്തതായി പുരുഷന്മാര്‍ക്കിടയില്‍ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ക്യാൻസര്‍. പ്രധാനമായും മദ്യപാനമാണ് ഇതിന് കാരണമാകുന്നത്. മദ്യത്തിന് പുറമെ മറ്റ് കരള്‍രോഗങ്ങള്‍ ഉള്ളവരിലും, പാരമ്പര്യഘടകങ്ങള്‍ മൂലവുമെല്ലാം കരള്‍ ക്യാൻസറുണ്ടാകാം. ശരീരഭാരം കുറയല്‍, വയറുവേദന, മഞ്ഞപ്പിത്തം എന്നിവയെല്ലാമാണ് കരള്‍ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍. ഇത് നേരത്തെ കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ ചികിത്സ പ്രയാസകരമായിത്തീരാം.
കരള്‍ ക്യാൻസര്‍ മനസിലാക്കുന്നതിനും സ്ക്രീനിംഗ് ചെയ്യാവുന്നതാണ്. പാരമ്പര്യമായി സാധ്യതയുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും ഇത് ചെയ്യാം. ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് ബി വാക്സിനെടുക്കുന്നതിലൂടെയും ഒരു പരിധി വരെ കരള്‍ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും.