ടെഹ്റാൻ: രാജ്യത്തിന് എതിരെ പ്രചാരണം നടത്തിയെന്നാരോപിച്ച് നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ച് ഇറാൻ. നർഗീസ് മുഹമ്മദിയുടെ കുടുംബമാണു ഇതുസംബന്ധിച്ച വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കോടതി നടപടികൾ നർഗീസ് ബഹിഷ്കരിക്കുകയാണെന്നും ഡിസംബർ 19നുള്ള വിധിയിൽ കോടതി വ്യക്തമാക്കി.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ടുവർഷത്തേക്ക് വിദേശത്തേക്കു പോകുന്നതിൽ നർഗീസിന് വിലക്കുണ്ട്. കൂടാതെ രാഷ്ട്രീയ–സാമൂഹിക സംഘടനകളിൽ ചേരുന്നതിനും ഫോൺ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്.
നിലവിൽ ടെഹ്റാനിലെ എവിൻ ജയിലിൽ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നർഗീസ്. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ജയിലിലെ അച്ചടക്കമില്ലായ്മ, അധികാരികളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണു ശിക്ഷ അനുഭവിക്കുന്നത്.
2023ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവാണ് നർഗീസ് മുഹമ്മദി. സമാധാന നൊബേൽ നേടുന്ന രണ്ടാമത്തെ ഇറാൻ വനിതയാണ് നർഗീസ് മുഹമ്മദി.
122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് സമാധാന നൊബേൽ നൽകുന്നത്.