തൃശൂർ: ലൂര്‍ദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചതിൽ വിമർശനവുമായി തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍. മണിപ്പുരിലെ പാപക്കറ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ പോകില്ലെന്ന് തൃശൂര്‍ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പള്ളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. മാതാവിന്റെ രൂപങ്ങള്‍ മണിപ്പൂരില്‍ ഒട്ടേറെ തകര്‍ക്കപ്പെട്ടതാണ്. മാതാവിന്‍റെ രൂപങ്ങൾ തല്ലിത്തകർക്കുന്നത് കണ്ട് നെഞ്ച് പിടഞ്ഞവരുടെ കൂട്ടത്തിലുള്ളതാണ് ഞാനടക്കമുള്ളവർ. തൃശൂരിലെ ആരാധനലായങ്ങളില്‍ പ്ലാറ്റിനം കിരീടങ്ങളും സമർപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. നൂറു കോടി രൂപയാണ് തൃശൂരില്‍ ഒഴുക്കുന്നത് -പ്രതാപൻ പറഞ്ഞു.
ഇന്നലെയാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം സമർപ്പിച്ചത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ഗോപി അറിയിച്ചത്.
എന്നാൽ, കിരീടം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനിടെ താഴെ വീണ് പൊട്ടി. കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പരിഹാസം ഉയർന്നു. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു