തിരുവനന്തപുരം∙ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ ഗായിക കെ.എസ്.ചിത്രയെ പിന്തുണച്ച് പ്രമുഖ ഗായകൻ ജി.വേണുഗോപാൽ. പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചിത്രയെ അനുകൂലിച്ചും വിമർശിച്ചും പലരുമെത്തി.
‘‘50 വർഷത്തിലേറെയായി ചിത്രയെ അറിയാം. ആരും സ്നേഹിച്ചു പോകുന്ന ആ ഗായികയുടെ വ്യക്തിത്വത്തെ അപമാനിച്ചും ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചു പറഞ്ഞും ഒട്ടേറെ കുറിപ്പുകൾ കണ്ടു. ചിത്രയ്ക്ക് ഇതു വല്ലാത്ത സങ്കടമുണ്ടാക്കി. കഴിഞ്ഞ 44 വർഷങ്ങളിൽ അവർ പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ഇല്ല. ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് ഈ വിഷയത്തിലുള്ളത്.
സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന ഇതിനപ്പുറമൊന്നും ചിത്രയുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ? വൈകുന്നേരം നാലു നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീടു പോലും കേരളത്തിലുണ്ടാകില്ല.
READ ALSO….സനാതന ധര്‍മ പരാമർശം; 13-ന് കോടതി മുന്‍പാകെ ഹാജരാകാൻ ഉദയനിധി സ്റ്റാലിന് സമന്‍സ്
മലയാളികൾക്ക് ലോകോത്തരമെന്ന ലേബലിൽ സംഗീത ലോകത്തിന്റെ നെറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും ഒരു യേശുദാസുമാണുള്ളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിലേറെ അവർ ചെയ്തു. അത് ആസ്വദിക്കാനും വിലയിരുത്താനും ഒരു മനുഷ്യായുസ്സ് പോരാതെ വരും.’’ ചിത്രയെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കാമെന്നു മാത്രമാണ് അഭ്യർഥനയെന്നും വേണുഗോപാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു