ലക്നൗ: ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് മായാവതി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത തള്ളിക്കളയുന്നില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘സഖ്യമായിരുന്നപ്പോൾ ബിഎസ്പിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നു. അതുകൊണ്ടാണ് മറ്റു പാർട്ടികൾ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാൻ താൽപര്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ സഖ്യത്തെക്കുറിച്ച് ആലോചിക്കാം. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്കായിരിക്കും മത്സരിക്കുന്നത്. 2007ൽ ദലിതരുടെയും ആദിവാസികളുടെയും മുസ്‌ലിംകളുടെയും സഹായത്തോടെ ബിഎസ്പി ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിച്ചു. അതുപോലെ ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടും. ജാതിയിലും വർഗീയതയിലും വിശ്വസിക്കുന്നവരോട് അകലം പാലിക്കും. അനുകൂലമായ വിധി നേടുന്നതിന് ബിഎസ്പി കഠിനമായി പ്രയത്നിക്കും. രാഷ്ട്രീയത്തിൽ നിന്നും താൻ വിരമിക്കുന്നുവെന്ന് റിപ്പോർട്ട് വന്നത് ശരിയല്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തനം തുടരും’’.– മായാവതി പറഞ്ഞു.
1900 മുതൽ 2000 വരെ ഉത്തർപ്രദേശിലെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ബിഎസ്പി. പിന്നീട് ശക്തി ക്ഷയിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12.8 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. ഇടക്കാലത്ത് ബിജെപിയോട് അനുഭാവം പുലർത്തിയെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു.