പാലക്കാട്: താങ്ങുവിലക്ക് നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോയിൽനിന്ന് പണം ലഭിക്കാനുള്ളത് പാലക്കാട് ജില്ലയിലെ 20,000ത്തോളം കർഷകർക്ക്. ഒന്നാം വിളയ്ക്ക് ജില്ലയിൽനിന്ന് 29,000ത്തോളം കർഷകരിൽനിന്നാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ബാങ്കുകളുടെ കൺസോർട്ട്യത്തിൽനിന്ന് വായ്പയായി ലഭിച്ച 150 കോടി രൂപയിൽനിന്ന് ജില്ലക്ക് ലഭിച്ചത് 75 കോടിയായിരുന്നു. ഈ തുക പൂർണമായി വിതരണം ചെയ്തു. ഇനി 20,000ത്തോളം കർഷകർക്കുകൂടി തുക ലഭിക്കാനുണ്ട്.
ഡിസംബർ 21 വരെ 9000 കർഷകരുടെ അക്കൗണ്ടിലേക്ക് 74.2 കോടി രൂപ നൽകി. 320 കോടി രൂപകൂടി ലഭിച്ചതോടെ അതിൽനിന്ന് ജില്ലയിലെ ബാക്കി കർഷകർക്കുകൂടി താങ്ങുവില നൽകാൻ കഴിയും. 39 മില്ലുകളാണ് നെല്ലെടുത്തത്. ജില്ലയിൽ ഒന്നാം വിള സംഭരണം 99 ശതമാനം പൂർത്തിയായി. 65,092 മെട്രിക് ടൺ നെല്ല് അളന്നു. 183.56 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് ലഭിക്കേണ്ടത്. കൺസോർട്ട്യത്തിൽ ഉൾപ്പെടുന്ന എസ്.ബി.ഐ, കനറ ബാങ്കുകളിൽ 95 ശതമാനം കർഷകരും അക്കൗണ്ട് എടുത്തെന്നാണ് സപ്ലൈകോയുടെ കണക്ക്. ചൊവ്വാഴ്ച മുതൽ തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
രജിസ്ട്രേഷൻ 5000 പിന്നിട്ടു
പാലക്കാട്: രണ്ടാം വിള നെല്ല് സംഭരണത്തിന് ജനുവരി ഒന്നിന് ആരംഭിച്ച രജിസ്ട്രേഷൻ ജില്ലയിൽ 5000 പിന്നിട്ടു. 50,000ത്തോളം കർഷകർ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടാം വിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില കൊടുത്തത് അടുത്ത കാലത്താണ്. ഈ സീസണിലെ ഒന്നാം വിള സംഭരണം ഏതാണ്ട് പൂർത്തിയായി. 65,092 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഒന്നാം വിളയ്ക്ക് 1.25 ലക്ഷത്തോളം മെട്രിക് ടൺ നെല്ലാണ് സംഭരിക്കാൻ സപ്ലൈകോ ലക്ഷ്യമിട്ടത്. പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത ഇല്ലായ്മ കാരണം ഭൂരിഭാഗം കർഷകരും ഓപൺ മാർക്കറ്റിൽ നെല്ല് നൽകി. ഇതോടെ സംഭരണം കുത്തനെ കുറഞ്ഞു.
നെൽകൃഷിയിൽനിന്ന് പിൻമാറ്റം
പാലക്കാട്: കാലാവസ്ഥ വ്യതിയാനവും പണം ലഭിക്കാനുള്ള കാലതാമസവും കാരണം കർഷകർ നെൽകൃഷിയിൽനിന്ന് പിൻവാങ്ങുന്നു. ജില്ലയിൽ ഒന്നാം വിള പൂർണമായും മഴയെയും രണ്ടാം വിള ഡാമുകളിലെ വെള്ളത്തെയും ആശ്രയിച്ചാണ്. കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ ഒന്നാം വിള ശരാശരി 35,000 ഹെക്ടറിലും രണ്ടാം വിള 42,000 ഹെക്ടറിലും കൃഷിയിറക്കും. രണ്ടു സീസണിലുമായി നാല് ലക്ഷത്തോളം ടൺ നെല്ല് ജില്ലയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. മേയ്, ജൂൺ മാസങ്ങളിൽ കാലവർഷം ശക്തിപ്പെടാത്തത് നെൽകൃഷിയിറക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു. 75 ശതമാനം നെല്ലും സപ്ലൈകോയാണ് സംഭരിക്കുന്നത്. സംഖ്യ ലഭിക്കുന്നതിന് മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതിനാൽ കൃഷിയിൽനിന്ന് പിന്തിരിയുന്ന സ്ഥതിയാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു