ചെന്നൈ: സ്വിഗി ഉപയോഗിക്കുന്നവർ ജാഗ്രത. പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പുസംഘം. ഇവരുടെ കെണിയിൽ മുപ്പതോളം പേർ പെട്ടുപോയിട്ടുണ്ടെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. ചെന്നൈ സ്വദേശികൾക്കാണ് പണവും സ്വകാര്യ വിവരങ്ങളും നഷ്ടമായത്. മുൻപ് ബംഗളൂരുവിലും ഇതേ രീതിയിൽ തട്ടിപ്പ് നടന്നിരുന്നു.
സ്വിഗിയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ വായ്പ ആപ്പായ lazypay ഉപയോഗിച്ചവരാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. Lazypay അക്കൗണ്ട് വഴി ഓര്‍ഡറിന് ശ്രമിച്ചോ എന്ന ചോദ്യവുമായി മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത കോള്‍ വരുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചത് മാറ്റാരെങ്കിലും ആണെങ്കില്‍ ഡയല്‍പാഡില്‍ ഒന്ന് അമര്‍ത്തിയ ശേഷം ഒടിപി നമ്പര്‍ ടൈപ്പ് ചെയ്ത് പണമിടപാട് തടയാന്‍ ഉപദേശിക്കും. ആരോ തന്റെ അക്കൗണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്ന ഭയത്തില്‍ ഉപഭോക്താവ് വേഗം നിര്‍ദേശം അനുസരിക്കും. പിന്നാലെ നൂറോളം സ്പാം മെസേജുകള്‍ ഫോണിലേക്കെത്തും. ഇതിനിടയില്‍ പണം നഷ്ടമായെന്ന സന്ദേശവും എത്തും. എന്നാല്‍ അത് ഭൂരിഭാഗം പേരും ശ്രദ്ധിക്കാതെ പോകും. ഇതാണ് തട്ടിപ്പിന്റെ വഴിയെന്ന് പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന ചോദ്യവുമായി ഡെലിവറി ബോയിയുടെ ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് കോയമ്പേട് സ്വദേശിയായ യുവാവ് 4,900 രൂപ നഷ്ടമായതായി അറിയുന്നത്. 9938 രൂപയുടെ ഓര്‍ഡറിനെ കുറിച്ച് താമ്പരം സ്വദേശിക്ക് വിളി എത്തിയത് ഹരിയനയില്‍ നിന്നാണ്. തട്ടിപ്പിന് ഇരയായെന്നു അറിഞ്ഞിട്ടും സിബില്‍ സ്‌കോര്‍ കുറയുമെന്ന പേടി കാരണം Lazypayലേക്ക് തുക തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്യും. മദ്യകുപ്പികള്‍ ആണ് തട്ടിപ്പുകാര്‍ കൂടുതലും ഓര്‍ഡര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 30ഓളം പരാതികള്‍ കിട്ടിയതായും ചെന്നൈ സൈബര്‍ പൊലീസ് പറഞ്ഞു. ഡാറ്റാ ചോര്‍ച്ച സംശയിക്കുന്നതിനാല്‍ രണ്ടു കമ്പനികളില്‍ നിന്നും വിശദീകരണം തേടിയതായും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു