പാലക്കാട്: ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തിൽ പത്തൊമ്പതുകാരൻ പിടിയിൽ. മലപ്പുറം ആലിപ്പറമ്പ് സ്വദേശി സഞ്ജയ് കൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. 39 മദ്യ കുപ്പികളും അലമാരയിൽ സൂക്ഷിച്ചിരുന്ന 5,160 രൂപയും ആണ് പ്രതി കവർന്നത്. എറണാകുളത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.
യുവാവിന്റെ കൂടെ മോഷണത്തിനൊപ്പം നിന്നിരുന്ന 17 വയസുകാരനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബർ 11-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ എത്തിയ യുവാക്കൾ ഇരുമ്പ് വടി ഉപയോഗിച്ച് ഷോപ്പ് കുത്തിതുറന്ന് 39 മദ്യ കുപ്പികളും അലമാരയിൽ സൂക്ഷിച്ചിരുന്ന 5,160 രൂപയും മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടതോടെ യുവാവ് തമിഴ്‌നാടിലേക്ക് കടക്കുകയും പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം എറണാകുളത്ത് എത്തുകയും ചെയ്തു.
ഇവിടെ എത്തിയ യുവാവ് ഒരു ബേക്കറിയിൽ ജോലി ചെയ്ത് വരുന്നതിനിടെയാണ് പിടിയിലായത്. നാട്ടുക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഭണ്ഡാരക്കവർച്ച നടത്തിയതുൾപ്പെടെ 15 മോഷണകേസുകളിൽ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. സുഹൃത്തായ 17-കാരനെ പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു