ശബരിമല: ഈ വര്‍ഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. മകര ജ്യോതി ദര്‍ശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14,15 തിയതികളില്‍ മൂന്ന് നേരവും ഭക്തര്‍ക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തര്‍ക്ക് ഇത് പ്രയോജനപ്പെടും. തമിഴ്നാട് മന്ത്രി പി.കെ ശേഖര്‍ ബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭക്തര്‍ക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകള്‍ എത്തും. ഇതോടൊപ്പം ഇടതടവില്ലാതെ ചുക്കുവെള്ളവും ഭക്തര്‍ക്കായി നല്‍കും.
മകരവിളക്ക് ദിനമായ നാളെ പുലര്‍ച്ചെ 2.15 ന് നട തുറക്കും. 2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നെയ്ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും.
തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകര വിളക്കിന്റെ പിറ്റേ ദിവസമായ ജനുവരി 16 ന് 50000 പേര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് സൗകര്യമൊരുക്കും. 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 60000 പേര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാം. ജനുവരി 16 മുതല്‍ സ്പോട്ട് ബുംക്കിംഗും അനുവദിക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം, തുടര്‍ന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.