ഇംഫാല്‍: മണിപ്പൂരിലെ തൗബാലില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുൻ ഖാര്‍ഗെയും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ലജ്ജാകരമാണെന്ന് രാഹുല്‍ പറഞ്ഞു.
മണിപ്പൂരില്‍ അടിസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. ഭാരത് ജോഡോ ന്യായ് യാത്ര എവിടെ നിന്ന് തുടങ്ങണമെന്ന ചര്‍ച്ചയില്‍ മണിപ്പൂരില്‍ നിന്ന് മാത്രമേ യാത്ര ആരംഭിക്കാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. രാജ്യം വലിയ അനീതിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി അനീതികളടക്കം അതിലുണ്ട് ,രാഹുല്‍ പറഞ്ഞു.
മണിപ്പൂരിനെ ഇന്ത്യയുടെ രത്‌നമെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചതെന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ രത്‌നമെന്നാണ് മണിപ്പൂരിനെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ വോട്ട് തേടാൻ വന്നു. എന്നാല്‍ മണിപ്പൂരിലെ ജനങ്ങള്‍ വേദനിക്കുമ്ബോള്‍ വന്നില്ല.
പാര്‍ലമെന്റിലെ എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തെക്കുറിച്ചും ഖാര്‍ഗെ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ നടപടിയാണ് അത്. ഞങ്ങള്‍ അതിനെതിരെ പോരാടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ ചെവിക്കൊണ്ടില്ല… നമ്മുടെ രാജ്യത്ത് ഏകാധിപത്യ മനോഭാവമാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ ആമുഖ തത്വങ്ങള്‍ സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി പോരാടുന്നത്. ബി.ജെ.പി മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുകയാണ് ചെയ്യുന്നത്. മതേതരത്വത്തിനും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് നമ്മല്‍ പോരാടുന്നത് -ഖാര്‍ഗെ പറഞ്ഞു.
തീരുമാനിച്ചതിലും ഏറെ വൈകിയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് തൗബാലില്‍ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമായത്. ഉച്ചക്ക് 12നാണ് ഫ്ലാഗ് ഓഫ് നടത്തി ഇന്ന് തന്നെ മണിപ്പൂരിലെ പര്യടനം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഏറെ വൈകിയാണ് രാഹുലിനും സംഘത്തിനും ഡല്‍ഹിയില്‍നിന്നും മണിപ്പൂരിലെത്താനായത്. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇംഫാലിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു.