ടെൽഅവിവ്: ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘‘ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ ശക്തിക്കോ ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരേണ്ടതുണ്ട്, അത് ഞങ്ങൾ ചെയ്തിരിക്കും’’.
യുദ്ധം 100–ാം ദിവസത്തിലേക്ക് കടക്കുന്ന വേളയിൽ നെതന്യാഹു പറഞ്ഞു.
രാജ്യാന്തര നീതിന്യായ കോടതിയിൽ നൽകിയ പരാതിയെയും ഇറാന്റെ പിന്തുണയോടെ മധ്യപൂർവേഷ്യയിൽ പ്രവർത്തിക്കുന്ന സായുധ സംഘത്തെയും വിമർശിച്ചുകൊണ്ടാണ് നെതന്യാഹു രംഗത്തെത്തിയത്.
ഗസയിലെ സൈനിക നീക്കത്തിലൂടെ ഹമാസിനെ ഏതാണ്ട് അമർച്ച ചെയ്യാനായെന്നും ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്തവര്‍ക്ക് എളുപ്പത്തിൽ മടങ്ങിവരാനാകില്ലെന്ന് നെതന്യാഹു പറഞ്ഞു.
അപകടാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളെ തിരികെ അതേ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്ന് രാജ്യാന്തര നിയമമുണ്ട്. അവിടെ ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധത്തിൽ ഗസയിൽ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 135 പേരാണ്. ഇതുവരെ 23,843 പലസ്തീൻകാർ കൊല്ലപ്പെട്ടു; 60,317 പേർക്കു പരുക്കേറ്റു.
മധ്യ ഗസയിലെ ബുറൈജ്, നുസുറത്ത്, മഗാസി അഭയാർഥി മേഖലകളിലും രൂക്ഷമായ വ്യോമാക്രമണം തുടർന്നു. വടക്കൻ ഗാസയിലും ബയ്ത്ത് ലാഹിയ, ദറജ് മേഖലയിലുമായി ഇരുപതിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മധ്യ ഗസയിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെ ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവർത്തിച്ച സേന, സാധാരണക്കാർക്കു ഉപദ്രവമുണ്ടാകുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.