കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ ധാരണയുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ.
കോഴിക്കോട് കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) വേദിയിലാണു ശൈലജയുടെ പ്രതികരണം. സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസ്സമില്ലെന്നും നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും ശൈലജ പറഞ്ഞു.
‘‘നാളുകളായി പിന്തള്ളപ്പെട്ടു പോയ വിഭാഗമാണു സമൂഹത്തിലെ സ്ത്രീകൾ. അവരെ മുന്നിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാർലമെന്റിലും നിയമസഭയിലും വേണം. അതിനാവശ്യമായ നടപടിക്രമം സർക്കാരിന്റെ ഭാഗത്തുനിന്നും വേണം. കൂടുതൽ സ്ത്രീകൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാതിനിധ്യം കൊടുക്കണം.
വിജയസാധ്യതയൊക്കെ ചർച്ച ചെയ്ത് ചർച്ച ചെയ്താണു ചിലയിടത്തുനിന്നും സ്ത്രീകളുടെ പേര് മാറ്റുന്നത്. അതിനിടയാകരുത്. ജയിക്കുന്ന സീറ്റിൽ തന്നെ സ്ത്രീകളെ നിർത്തി മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.’’–ശൈലജ പറഞ്ഞു.