കോഴിക്കോട്:വെള്ളയിൽ റെയിൽവേ സ്റ്റേഷനു സമീപം പാളത്തിലേക്ക് കടക്കുന്ന വഴി അടച്ചതിനുപിന്നാലെ കഴിഞ്ഞദിവസം സി.എച്ച്. മേൽപ്പാലത്തിന് താഴെയായി അരവിന്ദ്ഘോഷ് റോഡിൽനിന്ന് കണ്ണൂർറോഡിലേക്ക് റെയിൽവെ പാളം കടക്കുന്ന വഴിയും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടച്ചു. പുതുവത്സരദിനത്തിൽ ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ പാളത്തിലൂടെ സ്കൂട്ടർ കയറ്റി കടക്കാൻ ശ്രമിച്ച വിദ്യാർഥി തീവണ്ടിതട്ടി മരിച്ച സാഹചര്യത്തിലായിരുന്നു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷനുസമീപം പാളത്തിലേക്ക് കടക്കുന്ന വഴി പൂർണമായും അടച്ചത്.
സമൂഹവിരുദ്ധർ പാളത്തിൽ വന്നിരിക്കുന്നതും പാളത്തിലിരുന്നുളള ലഹരി ഉപയോഗവും സൈക്കിൾകയറ്റുന്നതും ഇവിടെ വ്യാപകമാണ്. പലതവണ റെയിൽവേ അധികൃതർ ബോധവത്കരണം നൽകിയിട്ടും ഒരുവിധ പ്രയോജനവുമില്ല. ഈ സാഹചര്യത്തിലാണ് റെയിൽവേ ക്രോസുകൾ അടച്ചത്. ഇനി വരുംദിവസങ്ങളിൽ നഗരത്തിലെ മറ്റു റെയിൽവേ ക്രോസുകളും അടയ്ക്കാനുളള സാധ്യതയുണ്ട്.
അപകടസാധ്യതയുണ്ടെങ്കിലും ഒരുപാട് ആളുകൾ നടന്നുപോകുന്ന വഴിയായതിനാൽ വലിയ ബുദ്ധിമുട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കണ്ണൂർ റോഡിലേക്ക് പോകേണ്ടവർക്ക് അരവിന്ദ് ഘോഷ് റോഡിലൂടെ സി.എച്ച്. മേൽപ്പാലത്തിലൂടെ ചുറ്റിവളഞ്ഞുപോകേണ്ട അവസ്ഥയാണ്. ഒരുപാട് സ്ഥാപനങ്ങളുളള സ്ഥലമായതിനാൽ ജോലിക്കാരെയും വിദ്യാർഥികളെയുമാണിത് കൂടുതൽ ബാധിച്ചത്.