തിരുവനന്തപുരം∙ സൂര്യനെപ്പോലെയാണു മുഖ്യമന്ത്രിയെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വ്യക്തി പൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘ആരു ക്രിയാത്മക വിമർശനം ഉന്നയിച്ചാലും നല്ല കണ്ണോടെ കാണാനും കേൾക്കാനും അതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വേണമെങ്കിൽ അതിനായും ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. ഞങ്ങൾ പിടിച്ച മുയലിന് രണ്ടു കൊമ്പെന്ന നിലപാട് സിപിഎമ്മിന് ഇല്ല.
മാറ്റത്തിന് വിധേയമാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന തെറ്റിദ്ധാരണ വേണ്ട. പാർട്ടിക്ക് അകത്തുതന്നെ തെറ്റുതിരുത്തൽ നടപടി സ്വീകരിക്കുന്നുണ്ട്.’’–എം.വി.ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോടുള്ള കോൺഗ്രസിന്റെ നിലപാടിൽ ഇരട്ടത്താപ്പുണ്ടെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘‘രാഷ്ട്രീയമായ പകപ്പോക്കലിന്റെ ഭാഗമായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ കടുത്ത രീതിയിലുള്ള നിലപാട് കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനോടുള്ള കോൺഗ്രസ് നിലപാട് അവസരവാദപരമാണ്. കോൺഗ്രസുകാർക്ക് എതിരെ നടക്കുന്ന ഇഡി അന്വേഷണങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നു കോൺഗ്രസ് പറയും.
എന്നാൽ ആംആദ്മി പാർട്ടിയുടെ രണ്ട് പ്രധാന നേതാക്കൾ ജയിലിൽ കിടക്കുകയാണ്. അതിനെ സ്വാഗതം ചെയ്യുന്നതാണ് ഡൽഹിയിലെ കോൺഗ്രസിന്റെ നിലപാട്. എന്നാൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് നിരന്തരം പറയുന്നുമുണ്ട്.
അരവിന്ദ് കേജ്‍രിവാളിനെ ചോദ്യംചെയ്യാൻ വിളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണത്. വീണയ്‌ക്കെതിരെ പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് അന്വേഷണം. രാഷ്ട്രീയപ്രേരിത നിലപാടാണ്. കോൺഗ്രസും ബിജെപിയും ചേർന്നു നിലപാട് സ്വീകരിക്കുന്നു. അന്വേഷണം നടക്കട്ടെ. ഭയക്കണ്ട കാര്യമില്ല.’’–എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘20 കൊല്ലം മുമ്പാണ് എം.ടി.വാസുദേവൻ നായർ ലേഖനം എഴുതുന്നത്. അന്ന് ആരായിരുന്നു കേരളത്തിൽ ഭരണത്തിലുണ്ടായിരുന്നത്. 2003ൽ എം.ടി. ലേഖനം എഴുതുമ്പോൾ ആരെ ഉദേശിച്ചാണ് എഴുതിയത്. ലോകത്തിന്റെ പൊതുചിത്രമാണ് എം.ടി.വാസുദേവൻ നായർ അവതരിപ്പിച്ചത്’’–എം.വി.ഗോവിന്ദൻ പറഞ്ഞു.