ന്യൂഡൽഹി: പിന്നാക്ക വിഭാഗക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി യോഗാ ഗുരു ബാബാ രാംദേവ്.
തന്റെ പ്രസ്താവന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയെ ലക്ഷ്യമിട്ടാണെന്നും ഒബിസി വിഭാഗത്തിനെതിരെയല്ലെന്നും രാംദേവ് പ്രതികരിച്ചു. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ഉവൈസിയുടെ അനുയായികൾ രാജ്യ വിരുദ്ധ താൽപര്യമുള്ളവരാണെന്നും രാംദേവ് മാധ്യമങ്ങളോടു പറഞ്ഞു.
താൻ ഒബിസി വിഭാഗക്കാരനല്ലെന്നും ബ്രാഹ്മണ വിഭാഗത്തിൽനിന്നുളള ആളാണെന്നും രാംദേവ് പറയുന്ന വിഡിയോ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘‘എന്റെ യഥാർഥ ഗോത്രം ബ്രാഹ്മണ ഗോത്രമാണ്.
ഞാൻ ഒരു അഗ്നിഹോത്രി ബ്രാഹ്മണനാണ്. ആളുകൾ ഞാൻ ഒബിസി വിഭാഗക്കാരനാണെന്ന് പറയാറുണ്ട്. ഞാൻ നാലു വേദങ്ങളും വായിച്ചിട്ടുണ്ട്. അതിനാൽ ഞാൻ വേദി ബ്രാഹ്മണനുമാണ്’’ –രാംദേവ് വിഡിയോയിൽ പറയുന്നു.
വിഡിയോ വൈറലായതോടെ രാംദേവിനെതിരെ നിരവധിപ്പേർ രംഗത്തുവന്നു. പിന്നാക്ക സമുദായത്തെ അപമാനിക്കുന്ന തരത്തിലാണ് രാംദേവ് സംസാരിച്ചതെന്നും അത് അംഗീകരിക്കാനാവില്ലെന്നും വിമർശകർ പ്രതികരിച്ചു.
രാംദേവിന്റെ പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനും സമൂഹ മാധ്യമങ്ങളിൽ ആഹ്വാനമുയർന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി രാംദേവ് രംഗത്തുവന്നത്.