കോഴിക്കോട്: ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ‘ഖാഫ്’ ആറാം എഡിഷന് വർണാഭമായ തുടക്കം. നൂറ്റി മുപ്പതോളം മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കം മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനാനന്തരം ആദർശ രംഗത്ത് നടത്തിയ സംവാദ അനുഭവങ്ങൾ ഉസ്താദ് സദസ്സുമായി പങ്കുവെച്ചു.
മത സംവാദത്തിന്റെ രീതിയും പ്രസക്തിയും പറഞ്ഞു തുടങ്ങിയ സംസാരം അയിരൂർ, കൊട്ടപ്പുറം, പൂടൂർ തുടങ്ങിയ പ്രശസ്തമായ സംവാദങ്ങളിലൂടെ കടന്നുപോയി. സംവാദ രംഗത്ത് തനിക്ക് കരുത്ത് നൽകിയത് ഇ കെ ഹസൻ മുസ്‌ലിയാരുടെ മാതൃകയും അനുഭവങ്ങളുമാണെന്ന് ഉസ്താദ് ഓർത്തു. ആശയവൈകൃതവുമായി മുന്നിൽ വരുന്ന സംഘത്തെ പ്രതിരോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്നും പുതിയ കാലത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്താണെന്നും ഉസ്താദ് ഉണർത്തി.
ഫെസ്റ്റിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഘടന ഇഹ്‌യാഉസ്സുന്ന പുറത്തിറക്കിയ ‘വസത്വ്’ സപ്ലിമെൻ്റ് വേദിയിൽ പ്രകാശിതമായി. ‘മധ്യ ധാരയുടെ മാന്ത്രികത’ എന്ന ശീർഷകത്തിൽ വിവിധ ചർച്ചകളും സെഷനുകളും മത്സരങ്ങളും എക്സിബിഷനുകളും ആയി നടക്കുന്ന ഫെസ്റ്റ് ഇന്ന് വൈകുന്നേരം സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ വി.പി.എം ഫൈസി വില്യാപള്ളി, കെ.കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം സംബന്ധിച്ചു.