തിരുവന്തനപുരം: റേഷൻ ഭക്ഷ്യധാന്യമെത്തിക്കുന്ന വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ശനിയാഴ്‌ച സപ്ലൈക്കോ സംഭരണകേന്ദ്രങ്ങളിലേക്കുള്ള വിതരണം തടസപ്പെട്ടിരുന്നു.എഫ്‌സിഐയില്‍ നിന്നുള്ള ധാന്യ സംഭരണവും തിങ്കളാഴ്‌ച മുതല്‍ മുടങ്ങും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്.
പല റേഷൻകടകളിലും ഈ മാസത്തേക്കുള്ള ഭക്ഷ്യധാന്യം പൂര്‍ണമായും എത്തിയിട്ടില്ല. ഗോതമ്ബും ആട്ടയുമാണ് കൂടുതല്‍ ലഭിക്കാനുള്ളത്. ചിലയിടങ്ങളില്‍ അരിയും കിട്ടാനുണ്ട്. മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്കുള്ള ധാന്യങ്ങള്‍ക്കാണ് ക്ഷാമം. വെള്ളിയാഴ്‌ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ് കരാറുകാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷന്‍ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.