ന്യൂഡൽഹി: പേ വിഷ വാക്സിന്റെ ക്ഷമത പഠനവിധേയമാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-കേരള സർക്കാറുകളുടെ പ്രതികരണം തേടി. മനുഷ്യരിൽ ഇൻട്രാഡർമൽ റാബീസ് വാക്സിൻ (ഐ.ഡി.ആർ.വി) പ്രയോഗിക്കുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിദഗ്ധരുടെ സ്വതന്ത്ര സമിതി രൂപവത്കരിച്ച് പഠനം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. സർക്കാർ നാലാഴ്ചക്കകം മറുപടി നൽകണം. ഗുരുതര വിഷയമാണ് ഹരജിയിൽ ഉന്നയിക്കുന്നതെന്ന് ജസ്റ്റിസുമാരായ സി.ടി രവികുമാർ, രാജേഷ് ബിൻഡാൽ എന്നിവർ നിരീക്ഷിച്ചു.
കേരള പ്രവാസി അസോസിയേഷനും മറ്റുമാണ് ഹരജിക്കാർ. നായ്ക്കളുടെ കടിയേറ്റ പലരും പേവിഷ ബാധക്ക് കീഴടങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. വാക്സിന്റെ ക്ഷമത, നൽകുന്ന രീതി തുടങ്ങിയ കാര്യങ്ങളിലെ പോരായ്മയുടെ ഫലമാണിത്. റാബിസ് വാക്സിൻ നിർമാണം സങ്കീർണ പ്രക്രിയയാണ്. നിർമാണത്തിനും പരിശോധനക്കും ചുരുങ്ങിയത് മൂന്നുനാലു മാസം വേണം. എന്നാൽ, നിർമിച്ച് രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ സംസ്ഥാനത്ത് എത്തിയതിന് തെളിവുണ്ട്.
ഗുണനിലവാര പരിശോധനയില്ലാതെ വാക്സിൻ വിതരണം ചെയ്യുന്നത് നിലവിലെ നിയമങ്ങൾക്കും ഭരണഘടനപരമായ അവകാശങ്ങൾക്കും വിരുദ്ധമാണ്. പേവിഷബാധയുള്ള നായ്ക്കളുടെ പെരുപ്പവും ഉത്കണ്ഠ ഉളവാക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ വിശദപഠനം ആവശ്യമാണ് -ഹർജിയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു