കുവൈത്ത് സിറ്റി: ദോഹയിലെ ആസ്പയർ ഡോമിൽ നടക്കുന്ന രണ്ടാം അറബ് അക്വാക്സ് ഏജ് ഗ്രൂപ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വീണ്ടും നേട്ടം. രണ്ടാം ദിവസം ഒരു സ്വർണവും രണ്ട് വെള്ളിയും കുവൈത്തിന്റെ നീന്തൽ താരങ്ങൾ സ്വന്തമാക്കി. ഇതോടെ കുവൈത്തിന്റെ ആകെ മെഡലുകളുടെ എണ്ണം ഏഴായി.
15-16 വയസ്സിനിടയിലുള്ള 50 മീറ്റർ ബാക്ക്സ്ട്രോക്ക് മത്സരത്തിൽ മുഹമ്മദ് അൽ സുബൈദ് സ്വർണവും അതേ ഗ്രൂപ്പിലെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും നേടി. 13-14 പ്രായവിഭാഗത്തിൽ ഹമദ് അൽ ഗെയ്ത്, ഹസൻ അൽ സുവൈലീഖ്, സൗദ് അൽ എൻസി, ഹസൻ റജബ് എന്നിവരടങ്ങുന്ന കുവൈത്ത് ടീം 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളി നേടിയതാണ് മറ്റൊരു നേട്ടം. ആദ്യ ദിനത്തിൽ കുവൈത്ത് ഒരു സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു.
അത്ലറ്റുകളുടെ നേട്ടങ്ങളെയും മികച്ച പ്രകടനത്തെയും കുവൈത്ത് പ്രതിനിധികളുടെ തലവൻ ഫൈസൽ അബുൽഹസ്സൻ അഭിനന്ദിച്ചു. 15 വരെയുള്ള ചാമ്പ്യൻഷിപ്പിൽ കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു