ലഖ്നൗ: കനത്ത മൂടല്‍മഞ്ഞുമൂലം കാഴ്ച അവ്യക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ടുപെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.സംഭവത്തില്‍ 17-കാരിയായ കജോള്‍ എന്ന വിദ്യാര്‍ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വര്‍ഷ(18)യ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കജോള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നും വര്‍ഷയെ ഒറായിയിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് അറിയിച്ചു.
ഒറായ് ഏരിയയിലുള്ള കോച്ചിങ് സെന്ററിലേക്ക് പോകാനായി അൻജാരി റെയില്‍വേ ക്രോസിങ് മറികടക്കവെയാണ് ഇരുവരെയും ട്രെയിൻ ഇടിച്ചത്. എന്നാല്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ട്രെയിൻ ഏതാണെന്ന് വ്യക്തമല്ല. പോലീസെത്തിയ ശേഷമാണ് വര്‍ഷയെ മെഡിക്കല്‍ കോളജിലേക്കും കജോളിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും മാറ്റിയത്.
റെയില്‍വേ ക്രോസിങിന് സമീപം താമസിക്കുന്ന ജനങ്ങള്‍ക്ക് പോലീസ് അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, വര്‍ഷയെ വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പുര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിര്‍ദേശിച്ചതായി ഡോ.രാജേഷ് കുമാര്‍ മൗര്യ അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞും ശൈത്യവും കാരണം ഉത്തരേന്ത്യയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 3.6 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ താപനില. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.