ഒറ്റപ്പാലം : എല്ലാ പശുക്കൾക്കും ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള പദ്ധതി ഒരുവർഷത്തിനകം തുടങ്ങുമെന്ന് ക്ഷീരവികസനവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. ഇതിനായി കേന്ദ്രസർക്കാരുമായി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ഫണ്ട് വഹിച്ച് സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. ലക്കിടിയിൽ നടന്ന ജില്ലാ ക്ഷീരകർഷകസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ കർഷകരുടെ പശുക്കളെയും ഇൻഷുറൻസിന്റെ പരിധിയിൽകൊണ്ടുവരും. രണ്ടരവർഷംകൊണ്ട് പദ്ധതി പൂർണമായും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 90 ശതമാനവും ഉപയോഗിക്കുന്നത് ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്ന പാലാണ്. പത്തുശതമാനമാണ് പുറത്തുനിന്നുള്ളത്. ഇതുംകൂടി കേരളത്തിൽനിന്നുള്ള പാലാക്കാനുള്ള പദ്ധതി വകുപ്പ് നടപ്പാക്കുന്നുണ്ട്. കേരളത്തിലുള്ള 14 ലക്ഷം പശുക്കളിൽ ആറുലക്ഷം പശുക്കളിൽനിന്നാണ് പാൽ ലഭ്യമാകുന്നത്. ഈ പശുക്കളിൽനിന്ന് കൂടുതൽ പാൽ ഉത്പാദിപ്പിക്കാനാകുന്ന തരത്തിൽ സംവിധാനമൊരുക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക ഘോഷയാത്രയോടെയാണ് ക്ഷീരകർഷക സംഗമത്തിലെ അവസാനദിനം തുടങ്ങിയത്. മികച്ച ക്ഷീരകർഷകർക്കും സംഘങ്ങൾക്കുമുള്ള പുരസ്കാരവും വിതരണംചെയ്തു.
കെ. പ്രേംകുമാർ എം.എൽ.എ. അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി., മിൽമ ചെയർമാൻ കെ.എസ്. മണി, ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, കേരള ഡയറി ഫാർമേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. രാംഗോപാൽ, ക്ഷീരവികസന വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു, ലക്കിടി ക്ഷീരസംഘം പ്രസിഡന്റ് ടി. അലി തുടങ്ങിയവർ സംസാരിച്ചു.