നിരവധി പോഷണഗുണങ്ങളുള്ളതും രുചികരമായതുമായ പഴമാണ് മാതളനാരങ്ങ. ഫൈബറും വൈറ്റമിനും ധാതുക്കളും ആന്റിഓക്സിഡന്റുകളുമെല്ലാം അടങ്ങിയ മാതളനാരങ്ങ പ്രതിരോധശക്തിയെ ശക്തിപ്പെടുത്തുകയും ശരീരത്തെ പലവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനെല്ലാം പുറമേ തലച്ചോറിന്റെ ആരോഗ്യത്തിനും മേധാശക്തി ക്ഷയിക്കുന്നത് തടയുന്നതിനും മാതളനാരങ്ങ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മാതളനാരങ്ങയില്‍ കാണപ്പെടുന്ന എല്ലാഗിറ്റാനിന് എന്ന വസ്തുക്കള്‍ വയറിലെത്തുമ്പോള്‍ യൂറോലിത്തിന് എ ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന് എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.
തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, അള്‍സ്ഹൈമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസ്സുമാണ്.
മുതിര്‍ന്നവരിലും മിതമായ ഓര്മ്മക്കുറവുള്ളവരിലും ഓര്‍മ്മശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്താന്‍ മാതളനാരങ്ങയുടെ ജ്യൂസ് സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തി പക്ഷാഘാത സാധ്യതകളെയും മാതളനാരങ്ങ കുറയ്ക്കുന്നു.
മൂഡ്, പഠനശേഷി, ഓര്‍മ്മശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാന്‍സ്മിറ്ററുകളായ അസറ്റൈല്‍കോളിന്‍, ഡോപ്പമിന്‍, സെറോടോണിന്‍ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും.
പഴമായോ ജ്യൂസടിച്ചോ മാതളനാരങ്ങ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. പോളിഫെനോളുകള്‍, ആന്തോസിയാനിനുകള്, പ്യൂണികലാജിനുകള് എന്നിങ്ങനെയുള്ള ആന്റി ഓക്സിഡന്റുകള്‍ ജ്യൂസിലും അടങ്ങിയിരിക്കുന്നു.
എന്നാല്‍ കൂടുതല്‍ മധുരം ചേര്‍ത്തതും പോഷണഗുണം കുറഞ്ഞതുമായ സംസ്കരിച്ച മാതളനാരങ്ങ ജ്യൂസുകള്‍ കഴിക്കരുത്.
ഒരു കപ്പ് മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ദിവസവും കഴിക്കാവുന്നതാണ്. എന്നാല്‍ പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകള്‍ക്കും അനുസരിച്ച് ഇത് മാറാം. പ്രമേഹം, രക്തസമ്മര്‍ദ്ധം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവും, രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവൂ.
മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിപ്പിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ചിലരില്‍ അലര്‍ജി പ്രതികരണങ്ങള്‍ക്കും വയറിലെ പ്രശ്നങ്ങള്‍ക്കും ദന്ത പ്രശ്നങ്ങള്‍ക്കും മാതളനാരങ്ങ കാരണമാകാം. ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകള്‍ക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. ഇതിനാല്‍ മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും ചെറുതായി പല്ലു തേയ്ക്കുന്നതും നല്ലതാണ്.