ഗുവാഹത്തി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. കോണ്‍ഗ്രസിന്റേത് ‘ഭാരത് തോഡോ അന്യായ യാത്ര’യാണെന്നും, രാജ്യം ഭരിക്കാൻ അവർ യോഗ്യരല്ലെന്നും നഡ്ഡ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിനായുള്ള പാർട്ടിയുടെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി, അസ്സമിൽ ത്രിദിന സന്ദർശനത്തിന് എത്തിയ വേളയിലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.
‘‘കോൺഗ്രസ് അവരുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തത് അദ്ഭുതപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതു ഭാരത് തോഡോ അന്യായ് യാത്രയാണ്.
രാജ്യത്തെ അനീതികൾക്കും ശിഥിലീകരണത്തിനും തുടക്കമിട്ട കോൺഗ്രസ്, ഇപ്പോൾ ഭാരതത്തെ ഒന്നിപ്പിക്കാനുള്ള യാത്ര നടത്തുന്നുവെന്നത് വിചിത്രമാണ്. ഭരിക്കാനെന്നല്ല, പ്രതിപക്ഷമായിരിക്കാൻ പോലും കോൺഗ്രസ് യോഗ്യമല്ലാതായിരിക്കുന്നു. ‘ഇന്ത്യ’ സഖ്യത്തിന് പാർട്ടി നേതാക്കളുടെ സ്വത്തും കുടുംബവാഴ്ചയും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ’’ –നഡ്ഡ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങിനു മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ അനുമതി നിഷേധിച്ചു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ കോൺഗ്രസ് പ്രതിനിധി സംഘം കണ്ടെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ, ഇംഫാലിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള തൗബാൽ ജില്ലയിലെ ഖോങ്ജോമിൽനിന്ന് ഞായറാഴ്ച യാത്ര ആരംഭിക്കാനാണ് തീരുമാനമെന്ന് മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ കെ.മേഘചന്ദ്ര അറിയിച്ചു. 66 ദിവസം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര, മാർച്ച് 20ന് മുംബൈയിൽ സമാപിക്കും.
















