ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന്റെ തീരുമാനം.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്.
Congress president & LoP Rajya Sabha Mallikarjun Kharge, Congress Parliamentary Party chairperson Sonia Gandhi and Leader of Congress in Lok Sabha Adhir Ranjan Chowdhury decline the invitation “to what is clearly an RSS/BJP event”: Jairam Ramesh, General Secretary… pic.twitter.com/REc503PBVv
— ANI (@ANI) January 10, 2024
ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീർഥ ട്രസ്റ്റ് ഇവരെ നേരിൽ സന്ദർശിച്ചാണ് ക്ഷണിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്.
ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടെന്നും വിലയിരുത്തിയാണ് വിട്ടുനിൽക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം.
‘‘മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്.
2019 ലെ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്പോൾ, പരിപാടിയിലേക്കുള്ള മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നു’’– പ്രസ്താവനയിൽ പറയുന്നു.
















