പണ്ടത്തെ വീടുകളിൽ സന്ധ്യ തെളിയുമ്പോൾ പ്രാർഥന മന്ത്രങ്ങൾ നിറയും. ഒപ്പം പഴങ്കഥകളും. ചിലങ്കയിട്ടു നാട്ടു വഴിയേ ഓടിപ്പോയ കാളിയും, തീ കൊണ്ട് ഓടി പോകുന്ന മാടനും, മറുതയും. നീളമുള്ള പനയിൽ തൂങ്ങിയാടുന്ന യക്ഷികളും. പാലപ്പൂവ് മണക്കുമ്പോൾ കുട്ടികളെല്ലാം വീട്ടകങ്ങളിൽ ഓടി കയറും. എന്നാൽ പിന്നെ യക്ഷിയെ കണ്ടിട്ടേ കാര്യമുള്ളൂ എന്ന് കരുതി നിന്ന ധൈര്യശാലികൾ വേറെയുമുണ്ട് . നമ്മുടെ കുട്ടികാലം കഥകളുടെയും, പാട്ടിന്റെയും കൂടിയായിരുന്നു. പഴമയുടെ ചുവയുള്ള കുട്ടിക്കാലം. നമ്മൾ കേട്ട കഥകൾ സത്യമോ? കള്ളമോ എന്നറിയില്ല. പക്ഷെ പഴയുടെ വിശ്വാസങ്ങൾ നില നിൽക്കുന്ന ചില ഇടങ്ങൾ ഇന്ത്യയിലുണ്ട്
ലെപക്ഷി ക്ഷേത്രം
തെക്കന്‍ ആന്ധ്രാപ്രദേശിലാണ് ഈ ക്ഷേത്രം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണിത്. എഴുപത് തൂണുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതില്‍ ഒരു തൂണ് തറയില്‍ തൊട്ടല്ലാ നില്‍ക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നാണിത്. പലരും തുണിയും കമ്പുകളും ഇതിനടിയിലൂടെ കടത്തിവിട്ട് ഇതിന്‍റെ ആധികാരികത പരീക്ഷിച്ച് നോക്കാറുണ്ട്.
അസ്ഥി തടാകം
ഉത്തരാഖണ്ഡിലെ തടാകങ്ങളിലൊന്നാണ് രൂപ്‍കുണ്ട് താടാകം. ഇതിന് അസ്ഥി തടാകമെന്നും വിളിപ്പേരുണ്ട്. വര്‍ഷത്തില്‍ പകുതിയില്‍ അധികം സമയവും മഞ്ഞില്‍ പുതഞ്ഞ് തണുത്തുറഞ്ഞു കിടക്കും ഇവിടം. 1942 ലാണ് ഈ തടാകത്തില്‍ ഒരു കൂട്ടം അസ്ഥികള്‍ കണ്ടെത്തുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാനൗജ് രാജാവിന്‍റെയും ഭാര്യയുടെയും വേലക്കാരുടെയും അസ്ഥികൂടാമാണിതെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. മഴയോടു കൂടിയ കൊടുങ്കാറ്റില്‍പ്പെട്ടു മരിക്കുകയായിരുന്നുവത്രെ ഇവര്‍.
ഒഴുകുന്ന കല്ലുകള്‍
രാമ സേതു പാലത്തിന്‍റെ അവശേഷിപ്പുകള്‍ എന്ന് കരുതുന്ന ചില കല്ലുകള്‍ തമിഴ് നാട്ടിലെ രാമേശ്വരത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. രാമന്‍റെ പേരെഴുതിയിട്ടുള്ള ഈ കല്ലുകള്‍ വെള്ളത്തില്‍ താഴ്ന്ന് പോകില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.
ലോണര്‍ തടാകം
മഹാരാഷ്ട്രയിലാണ് ഈ തടാകം . സ്‍കന്ദ പുരാണത്തില്‍ തടാകത്തെപ്പറ്റി പരാമര്‍ശമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉല്‍ക്കാപതനത്തെ തുടര്‍ന്നാണ് ഈ തടാകമുണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉപ്പു കലര്‍ന്ന ജലമാണ് തടാകത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന്.
ബുള്ളറ്റ് ബാബ ക്ഷേത്രം
രാജസ്ഥാനിലെ ബൈക്കറായിരുന്ന ബന്നാ റാത്തോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചു പോകുമ്പോള്‍ മരത്തിലിടിച്ച്, ഒരു കിടങ്ങില്‍ വീണ് മരിക്കുന്നത്. പോലീസ് സ്ഥലത്ത് എത്തുകയും ബൈക്ക് കൊണ്ടുപോവുകയും ചെയ്‍തു. എന്നാല്‍ പിറ്റേദിവസം പോലീസിന് ബൈക്ക് കാണാന്‍ കഴിഞ്ഞത് അപകടം നടന്ന അതേ സ്ഥലത്ത് വെച്ചാണ്. വീണ്ടും പോലീസ് ബുള്ളറ്റ് കൊണ്ടുപോയി.
ചെയിനിട്ട് പൂട്ടിയാണ് ഇത്തവണ അവര്‍ ബൈക്ക് തങ്ങളുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചത്. പക്ഷേ ബൈക്ക് പിന്നെയും കാണാതായി. അപകടം നടന്ന സ്ഥലത്ത് വെച്ച് വീണ്ടും ബൈക്കിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ അപകടം നടന്ന സ്ഥലം ഒരു ക്ഷേത്രമായി മാറിയിരിക്കുകയാണ്. സഞ്ചാരികള്‍ പ്രത്യേകിച്ച് ബൈക്ക് യാത്രികര്‍ ഇവിടെ എത്താറുണ്ട്.
വിസാ ക്ഷേത്രം
കാറ്റിനും കടലിനും അഗ്നിക്കും വരെ ഇന്ത്യയില്‍ ദൈവങ്ങളുണ്ട്. എന്തുകൊണ്ട് വിസയ്ക്ക് വേണ്ടി ഒരു ദൈവമുണ്ടായിക്കൂടാ? ഒരു വിസ ശരിയായി കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അറിയപ്പെടുന്നത് വിസ ക്ഷേത്രം എന്നപേരിലാണ്. വിസ ശരിയായി കിട്ടാന്‍ വേണ്ടി മാത്രമാണ് ഇവിടെ വന്ന് ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കാറുള്ളത്.