മലപ്പുറം: രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണക്കട്ടികൾ വിമാനത്തിന്റെ ടോയ്ലറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദുബൈയിൽനിന്ന് എത്തിയ ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റിലെ ഡസ്റ്റ് ബിൻ കാബിനിൽ ഒളിപ്പിച്ച നിലയിൽ ടേപ്പു കൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ പാക്കറ്റുകൾ കണ്ടെത്തിയത്. 3264 ഗ്രാം ഭാരം ഉള്ള 28 സ്വർണക്കട്ടികളാണ് കണ്ടെത്തിയത്.
ഇതിന് രണ്ട് കോടി രൂപ മൂല്യമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണം കടത്താൻ ശ്രമിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈയിടെയായി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് മറ്റു മാർഗങ്ങളിൽ കൂടിയുള്ള സ്വർണക്കടത്ത് നടക്കുന്നതായി അധികൃതർ പറഞ്ഞു. ഇത്തരത്തിൽ വിമാനത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നത് കസ്റ്റംസ് നിരീക്ഷിച്ചുവരികയായിരുന്നു.
കസ്റ്റംസ് പിടിക്കുമെന്നുറപ്പുള്ള സ്വർണം വിമാനത്തിലെ ടോയ്ലറ്റുകളിൽ ഉപേക്ഷിക്കുകയാണ്. ഇത്തരത്തിലുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് കസ്റ്റംസ് മറ്റ് ഏജൻസികളെയും എയർലൈൻസ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം 376 കേസുകളിലായി 172.19 കോടിയുടെ സ്വർണക്കടത്താണ് കസ്റ്റംസ് തടഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു