തിരുവനന്തപുരം: ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിൽ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കൽ സംഘം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലൊന്നാണിതെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. ജനിച്ച് പതിനഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിക്കുകയും ക്രമേണ രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. മൂന്ന് മാസം പ്രായമായപ്പോഴേക്കും ആരോഗ്യാവസ്ഥ കൂടുതൽ വഷളാകുകയും ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടുകയുമായിരുന്നു.
വിശദ പരിശോധനയിൽ കരളില്‍നിന്ന് പിത്താശയത്തിലേക്ക് പിത്തരസമെത്തിക്കുന്ന നാളികളില്‍ തടസം സൃഷ്ടിക്കുന്ന ബൈലിയറി അട്രീസിയ (biliary atresia) ബാധിച്ചതായി കണ്ടെത്തി. കരളിനകത്തോ പുറത്തോ ഉള്ള പിത്തനാളികളുടെ സാധാരണഗതിയിലുള്ള വികാസം സംഭവിക്കാതിരിക്കുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്. ലോകത്തെ ഏകദേശം 70,000 നവജാത ശിശുക്കളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവ രോഗാവസ്ഥയാണിത്.
ചികിത്സയുടെ ആദ്യപടിയായി കുഞ്ഞിന് കസായി പ്രൊസീജിയർ നടത്തി. ഇതിലൂടെ രോഗം ബാധിച്ച പിത്തനാളിയും പിത്തസഞ്ചിയും നീക്കം ചെയ്യുകയും കുഞ്ഞിന്റെ കുടലിന്റെ ഒരുഭാഗം കരളിലേക്ക് നേരിട്ട് തുന്നിച്ചേര്‍ക്കുകയും ചെയ്തു. കരളില്‍ നിന്ന് പിത്തരസം ഒഴുകുന്നത് മെച്ചപ്പെടുത്താന്‍ ഇത് സഹായിച്ചു. പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അശോക് കുമാർ ജി.എമ്മാണ് പ്രൊസീജിയറിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ നില മെച്ചപ്പെട്ടെങ്കിലും ഒരുമാസത്തിന് ശേഷം കരളില്‍ അണുബാധ രൂപപ്പെട്ടതിനെത്തുടർന്ന് അവയവമാറ്റ ശസ്ത്രക്രിയ അനിവാര്യമായി. കരൾ ദാനം ചെയ്തത് കുഞ്ഞിന്റെ അമ്മയാണ്.
ഈ പ്രായത്തിലുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അത്യധികം അപകടകരവും അപൂർവ്വവും സങ്കീർണ്ണവുമാണെന്ന് ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവർ ട്രാന്‍സ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ഷബീറലി ടി.യുവും ഡോ. ഷിറാസ് അഹമ്മദ് റാത്തറും അഭിപ്രായപ്പെട്ടു. ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ രക്തക്കുഴലുകളുടെ വലിപ്പക്കുറവ് കാരണം രക്തപ്രവാഹം കുറയാനും സങ്കീർണ്ണതകളുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ കുഞ്ഞ് സുഖം പ്രാപിക്കുകയും ഒരു മാസത്തിന് ശേഷം ആശുപത്രി വിടുകയും ചെയ്തു. 12 മണിക്കൂർ നീണ്ട നിന്ന ശസ്ത്രക്രിയയിൽ വയറിൽ മുറിവുണ്ടാക്കി കരൾ മാറ്റിവെച്ച്, രക്തക്കുഴലുകളും പിത്തരസനാളങ്ങളും കരളുമായി തുന്നിച്ചേർക്കുകയായിരുന്നു.
ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. മധു ശശിധരൻ, ഇമേജിങ് ആൻഡ് ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. മനോജ് കെ.എസ്, ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ശ്രീജിത്ത് .എസ്, ഡോ. വര്‍ഗീസ് എല്‍ദോ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ഹാഷിർ .എ, ഡോ. ഹരികുമാര്‍ ജി, നിയോനറ്റോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. നവീൻ ജെയിൻ, പീഡിയാട്രിക്സ് വിഭാഗം ഡോ. ഷിജു കുമാർ എന്നിവരും ചികിത്സയുടെ ഭാഗമായി.