ഗസ്സ: ഖാൻ യൂനുസിലും പരിസരപ്രദേശങ്ങളിലും ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ ഗസ്സയിൽ മരണം 23,084 ആയി. 58,926 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 17 ഇടങ്ങളിൽ നടത്തിയ ബോംബിങ്ങിൽ 249 പേരാണ് മരിച്ചത്.
ദാറുൽ ബലാഇലും നുസൈറാത്, അൽ മഗാസി അഭയാർഥി ക്യാമ്പുകളിലുമാണ് കൂടുതൽ മരണം. അൽ മഗാസി ക്യാമ്പിൽ സ്കൂളിനുനേരെ നടത്തിയ ആക്രമണത്തിൽ 30ലധികം പേരാണ് മരിച്ചത്. അതേസമയം, അൽഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനിൽപ് തുടരുകയാണ്. രണ്ട് ഇസ്രായേലി സൈനിക ടാങ്കുകൾ തകർത്തതായും ഭൂഗർഭ അറയിൽ നടത്തിയ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റതായും അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഹിസ്ബുല്ല കമാൻഡറുടെ വധത്തെ തുടർന്ന് ആക്രമണ ഭീഷണി നിലനിൽക്കുന്ന വടക്കൻ ഇസ്രായേൽ അതിർത്തിയിലെത്തിയ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ആയിരങ്ങൾ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുകയാണ്. അതിനിടെ, നെതന്യാഹുവിന് രാജ്യത്തെ നയിക്കാൻ യോഗ്യതയില്ലെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ് രംഗത്തെത്തി.
തെരഞ്ഞെടുപ്പിലൂടെയോ ബദൽ സർക്കാർ രൂപവത്കരണത്തിലൂടെയോ നെതന്യാഹുവിനെ താഴെയിറക്കാനുള്ള ശ്രമത്തിന് തന്റെ പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, പശ്ചിമേഷ്യയിൽ സംഘര്ഷം പടരാനുള്ള സാഹചര്യം നിലനിൽക്കുന്നതായി ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. യുദ്ധഭൂമിയിൽനിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. അവർക്ക് വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തർ, യു.എ.ഇ, സൗദി സന്ദർശനത്തിനുശേഷം അദ്ദേഹം ഇസ്രായേലിലേക്ക് തിരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു