ഹൂസ്റ്റൺ ∙ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ച് വർഷത്തോളം തന്നെ ഗാരേജിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് 52 വയസ്സുകാരൻ അറസ്റ്റിൽ. ഹൂസ്റ്റൺ പൊലീസ് സിഎംഡിആർ മൈക്കിൾ കോളിൻസാണ് ഇക്കാര്യം അറിയിച്ചത്. 52 കാരനായ ലീ ആർതർ കാർട്ടർക്കെതിരെ യുവതിയെ തട്ടിക്കൊണ്ടുപോയതിനും തടവിൽ പാർപ്പിച്ചതിനും കേസ് എടുത്തിട്ടുണ്ട്. മോട്ടലിൽ നിന്നും പിടികൂടിയ പ്രതിയെ നിലവിൽ ഹാരിസ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
2023 ഏപ്രിലിൽ, ടെക്‌സ്‌റ്റിങ് ആപ്പ് മുഖേന യുവതി പൊലീസിനെ ബന്ധപ്പെടുകയും തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് അധികാരികളെ അറിയിക്കുകയുമായിരുന്നു. തുടർന്ന്, പൊലീസ് യുവതിയെ ഗ്യാരേജിൽ നിന്ന് രക്ഷപ്പെടുത്തി. നാലോ അഞ്ചോ വർഷം മുമ്പ് താൻ ഗർഭിണിയായിരിക്കെയാണ് കാർട്ടറെ കണ്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിക്ക് പണം നൽകാൻ കാർട്ടർ അവളുടെ അരികിൽ എത്തി, തുടർന്ന് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു. ദുർബലമായ അവസ്ഥയിലായതിനാൽ കാർട്ടറിനൊപ്പം കാറിൽ കയറിയതായി യുവതി പൊലീസിനോട് പറഞ്ഞു. കാർട്ടർ യുവതിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി, ഗാരേജിൽ പൂട്ടിയിട്ടതായി പൊലീസ് പറഞ്ഞു.
കാർട്ടർ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും വർഷങ്ങളോളം ലഹരിമരുന്ന് കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗാരേജിനുള്ളിൽ തകർന്ന ശുചിമുറി, വൃത്തികെട്ട മെത്ത, ഭക്ഷണം, വസ്ത്രങ്ങൾ, ഡയപ്പറുകൾ എന്നിവ കണ്ടെത്തി. ഗാരേജിൽ ഷവർ ഇല്ലെന്നും അതിനാൽ ഇടയ്ക്കിടെ കാർട്ടർ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും യുവതി പൊലീസിനോട് പറഞ്ഞു. കാർട്ടർ തനിക്ക് ചിപ്‌സും ലഘുഭക്ഷണവും നൽകിയതായി യുവതി പൊലീസിനോട് പറഞ്ഞതായി കോടതി രേഖകൾ പറയുന്നു, എന്നാൽ അവൾക്ക് അപൂർവമായേ നല്ല ഭക്ഷണം ലഭിച്ചിരുന്നുള്ളു. യുവതിയെ ഒന്നിലധികം തവണ ആശുപത്രിയിൽ എത്തിച്ചിരുന്നു. താൻ രക്ഷപ്പെടാൻ ശ്രമിച്ച സമയങ്ങളുണ്ടെന്നും യുവതി പറഞ്ഞു, പക്ഷേ കാർട്ടർ അവളെ പിടികൂടി ഗാരേജിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. ഏപ്രിലിൽ പൊലീസ് എത്തിയപ്പോൾ കാർട്ടർ വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ അയാളെ അന്ന് അറസ്റ്റ് ചെയ്തില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു