ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്ക് എതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഐ.എം.ഐ.എം നേതാവ് അസദുദ്ധീൻ ഉവൈസി. വിധി സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്ത് സ്ത്രീ ശാക്തീകരണവും സുരക്ഷയും ഉറപ്പാക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഈ വിധി സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ക്കുള്ള ഒരു ഏര്‍മപ്പെടുത്തലാകുമെന്ന് വിശ്വസിക്കുന്നു. പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നത് വെറും പൊള്ളയാണ്. അവര്‍ ബില്‍ക്കീസ് ബാനുവിന്റെ പീഢകര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും പ്രതികളെ വെറുതെ വിട്ടയക്കുന്നതിലേക്ക് സഹായിച്ചിരുന്നു. ഇരു കക്ഷികളും ബില്‍ക്കീസ് ബാനുവിനോട് മാപ്പ് പറയണം, ഉവൈസി പറഞ്ഞു.
പ്രതികളെ വിട്ടയച്ച് ആദ്യ ദിവസം മുതല്‍ സര്‍ക്കാരും ബി.ജെ.പിയും പ്രതികള്‍ക്കൊപ്പമാണെന്ന് താൻ പറഞ്ഞിരുന്നുവെന്നും ബില്‍ക്കീസ് ബാനുവിന്റെ ധൈര്യവും പോരാട്ടവീര്യവുമാണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബില്‍ക്കീസ് ബാനുവിനെ സംരക്ഷിക്കാൻ സാധിക്കാത്ത അതേ സര്‍ക്കാരാണ് ബാനുവിനെ പീഡിപ്പിക്കുകയും അവളുടെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെറുതെവിട്ടതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
2002ലായിരുന്നു കേസിനാസ്പദമായ സംഭവം. 2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു അന്ന് ബില്‍ക്കീസ് ബാനു എന്ന 21കാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നത്. അഞ്ച് മാസം ഗര്‍ഭിണിയായ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെ കുടുംബത്തിന്റെ മുന്നില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാനുവിന്റെ കുടുംബത്തിലെ നിരവധി പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബാനു മരിച്ചെന്ന് കരുതിയായിരുന്നു പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.
2008ല്‍ കേസ് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് സി.ബി.ഐക്ക് കൈമാറി. അന്വേഷണത്തില്‍ 11 പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. സി.ബി.ഐ കോടതി 11 വര്‍ഷത്തെ ജീവപര്യന്തത്തിന് ശിക്ഷിച്ച പ്രതികളെ 2022ലാണ് ഗുജറാത്ത് സര്‍ക്കാര്‍ വെറുതെവിടുന്നത്. ജയിലിലെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടിയെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















