ബുലിമിയ നെര്‍വോസ ഭക്ഷണം കഴിക്കലിലെ ഒരുതകരാറാണ് (ഈറ്റിംഗ് ഡിസോര്‍ഡര്‍). ഇതുള്ള വ്യക്തികള്‍ വളരെയധികം ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുകയും പിന്നീടത് ഛദ്ദിച്ചോ, അമിതമായി വ്യായാമം ചെയ്തോ അല്ലെങ്കില്‍ വയറിളക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പുറത്തു കളയുകയും ചെയ്യുന്നു. ഇവര്‍ അസ്വസ്ഥരാകുമ്പോള്‍ വലിച്ചുവാരി തിന്നുകയും കുടിക്കുകയും ചെയ്യും, അതായത് വളരെയധികം ഭക്ഷണം കഴിക്കും, പലപ്പോഴും രഹസ്യമായിട്ട്. അതിന് തൊട്ടുപുറകേ വലിച്ചുവാരി തിന്നതില്‍ അവര്‍ക്ക് കുറ്റബോധവും നാണക്കേടും തോന്നുകയും അവര്‍ കഴിച്ച ഭക്ഷണം ഛര്‍ദ്ദിച്ചോ, അമിതമായി വ്യായാമം ചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടേയോ പുറത്തുകളയാന്‍ ശ്രമിക്കുകും ചെയ്യും. ഈ കുറ്റബോധം അവര്‍ക്ക് അവരുടെ ശരീര രൂപത്തെക്കുറിച്ചുള്ള ധാരണയുടേയും മെലിയണം എന്ന അവരുടെ ആഗ്രഹത്തിന്റേയും ഫലമായി ഉണ്ടാകുന്നതാണ്. ഇവരുടെ അസ്ഥാനത്തുള്ള സ്വന്തം പ്രതിച്ഛായ വിചാരം ഇവരെ ഒരു തരം താഴ്ന്ന ആത്മാഭിമാനത്തിലേക്ക് നയിക്കുകയും ചെയ്യും. കഴിച്ച ഭക്ഷണം പുറത്തു കളയല്‍ (വിരേചനം)കൊണ്ട് അവര്‍ക്ക് ജീവിതത്തിന്റെ മേല്‍ നിയന്ത്രണം ഉണ്ടെന്ന തെറ്റായ ധാരണ ഉണ്ടാകുന്നു. തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിയന്ത്രണത്തിന് പുറത്താണെങ്കില്‍ പോലും തങ്ങള്‍ കാണപ്പെടുന്ന രീതിയും തങ്ങളുടെ ശരീര രൂപവും നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് അവര്‍ കരുതും.
ബുലിമിയ കൊണ്ടുള്ള ശാരീരികമായ കുഴങ്ങള്‍ ഗുരുതരമായേക്കാം, എന്നാല്‍ സമയോചിതമായ ചികിത്സ ആ വ്യക്തിയെ അവനവനെക്കുറിച്ച് നല്ലത് തോന്നാനും ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കാനും സഹായിക്കും. അതേപോലെ തന്നെ തങ്ങളുടെ ഉത്കണ്ഠയേയും മാനസികസമ്മര്‍ദ്ദത്തേയും വിജയകരമായി നേരിടാനും അവര്‍ പഠിക്കും.
ശ്രദ്ധിക്കുക : ചില ആളുകള്‍ ഭക്ഷണത്തെ ആശ്വാസം കണ്ടെത്തുന്നതിനുള്ള ഒരു സാധ്യതയായി അവലംബിക്കുകയും തങ്ങള്‍ വൈകാരിക സംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുക എന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ ബുലിമിയ ഉള്ളവരെപ്പോലെ അമിതമായ വ്യായാമത്തിലൂടെയോ വിരേചനത്തിലൂടെയോ ഇതിന് പ്രയശ്ചിത്തം ചെയ്യാന്‍ ശ്രമിക്കാറില്ല. മാനസിക സംഘര്‍ഷമോ മനക്ലേശമോ അനുഭവിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിന്മേലുള്ള നിയന്ത്രണം കൈവിട്ടു പോകുന്നവര്‍ അമിതമായ തീറ്റയും കുടിയും എന്ന തകരാര്‍ അനുഭവിക്കുന്നുണ്ടാകാം.
ബുലിമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
ബുലിമിയയുടെ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ പരമായ ലക്ഷണങ്ങള്‍ താഴെ പറയുന്നു :
ബുലിമിയ ഉള്ള വ്യക്തികള്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ ആകൃതിയിലും രൂപത്തിലും അമിതമായ താല്പര്യമുണ്ടായിരിക്കും, ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ഭീതിയിലായിരിക്കും അവര്‍ ജീവിക്കുന്നത്.
മനസുഖമില്ലാതിരിക്കുമ്പോള് ഇവര്‍ വളരെയധികം ഭക്ഷണം കഴിക്കും (വലിച്ചുവാരി തിന്നും).
കുടുംബക്കാരോ സുഹൃത്തുക്കളോ കാണാതിരിക്കാനായി ഇവര്‍ രഹസ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണ പ്രകടിപ്പിച്ചേക്കും.
ഇവര്‍ ഭക്ഷണം കഴിച്ച ഉടനേ പതിലായി കുളിമുറിയില്‍ പോകുന്നുണ്ടെങ്കില്‍ അത് കഴിച്ച ഭക്ഷണം പുറന്തള്ളാനുള്ള ശ്രമത്തിന്റെ (വിരേചനത്തിന്റെ) സൂചനയായേക്കാം. ഇവര്‍ കഴിച്ചത് ഛര്‍ദ്ദിക്കാന്‍ സ്വയം പണിപ്പെടുന്നുണ്ടാകാം അല്ലെങ്കില്‍ വയറിളക്കുന്നതിനും മൂത്രം പോകുന്നതിനും മറ്റുമുപയോഗിക്കുന്ന മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ചില ആളുകള്‍ ശരീഭാരം കുറയ്ക്കുന്നതിനായി ചില പച്ചമരുന്ന് കൂട്ടുകള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്തേക്കും.
ഇവര്‍ പലപ്പോഴും വളരെയധികം വ്യയാമം ചെയ്യും, അല്ലെങ്കില്‍ വ്യായാമത്തോട് അമിതമായ താല്പര്യം കാണിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന്, പുറത്ത് മഴപെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഇവര്‍ ഓടാന്‍ പോകാന്‍ ആഗ്രഹിക്കും.
ശാരീരികമായ ചില സൂചനകള്‍ താഴെ പറയുന്നു :
ഇവര്‍ക്ക് കൈവിരലുകളുടെ തുമ്പിലും വിരലിന്റെ മടക്കുകളിലും മുറിവ് ഉണ്ടായേക്കും, ഇതു സംഭവിക്കുന്നത് പതിവായി തൊണ്ടയില്‍ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
ഛര്‍ദ്ദിക്കുമ്പോള്‍ വയറ്റിലെ അമ്ലങ്ങള്‍ (ആസിഡുകള്‍) പല്ലില്‍ വന്ന് പറ്റും. ഇത് പതിവായി സംഭവിക്കുന്നത് പല്ലുകളുടെ നിറം മാറ്റത്തിന് കാരണമാകും.
കൂടെക്കൂടെയുള്ള ഛര്‍ദ്ദിക്കല്‍ കവിള്‍ത്തടത്തിലും കീഴ്ത്താടിയിലും മറ്റും നീരുകെട്ടുന്നതിന് കാരണമാകും.
വലിച്ചു വാരിത്തിന്നുകയും അത് പുറന്തള്ളുകയും ചെയ്യുക എന്ന പ്രക്രിയ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നതുമൂലം ശരീരഭാരത്തില്‍ ഇടയ്ക്കിടയ്ക്ക് മാറ്റം വരും.