ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ മാലദ്വീപ് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.വിവാദ പ്രസ്താവന നടത്തിയ മാലദ്വീപ് മന്ത്രിമാരെ പുറത്താക്കിയതായി ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
വിവാദങ്ങള്‍ക്ക് പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്കരണാഹ്വാനം ശക്തമാക്കി.അതിനിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തി. പ്രധാന മന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് ഉപ മന്ത്രിമാരായ മറിയം ഷിയുന, മല്‍ശ ശരീഫ്, മഹ്സൂം മാജിദ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയത്. മാല്‍ദീപിലെ ഇന്ത്യൻ സ്ഥാനപതി ഇന്ത്യയുടെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെയാണ് മൂന്നു മന്ത്രിമാരെയും പുറത്താക്കാൻ മാല്‍ദീപ് ഭരണകൂടം തയ്യാറായത്.
ഡല്‍ഹിയിലെ മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി ആണ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. നേരിട്ട് എത്തിയ ഇന്ത്യയിലെ മാലദ്വീപ് അംബാസഡര്‍ ഇബ്രാഹിം ഷഹീബ് മന്ത്രിമാരെ പുറത്താക്കിയ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് മടങ്ങി. വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിനെ ബഹിഷ്കരിക്കാൻ ഉള്ള ആഹ്വാനമാണ് ഇന്ത്യൻ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെയുള്ള വിനോദസഞ്ചാരികള്‍ക്കിടയില്‍ തരംഗമാകുന്നത്.
ഇന്ത്യൻ വിനോദസഞ്ചാര കമ്പനിയായ ഈസ് മൈ ട്രിപ്പ് മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കി. പ്രഥമ ചൈന സന്ദര്‍ശനത്തിന് മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മോയ്സ് പുറപ്പെടുന്നതിനു തൊട്ട് മുൻപ് ആരംഭിച്ച വിവാദം ടൂറിസം രംഗത്ത് തിരിച്ചടി ആയതോടെ ആണ് മന്ത്രിമാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാൻ ഭരണകൂടം തയ്യാറായത്.
ദ്വീപില്‍ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം എന്ന ആവശ്യം മാല്‍ദീപ് പ്രസിഡണ്ടായി മുഹമ്മദ് മോയ്സ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉയര്‍ത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ ഈ പരാമര്‍ശം നിഴല്‍ വീഴ്ത്തി. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ചൈനയിലേക്കുള്ള മുഹമ്മദ് മോയ്സിൻ്റെ സന്ദര്‍ശനം.