ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു. രോഗികളും കുടുംബാംഗങ്ങളും ഈ സൂചനകളെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതും, ഇവയിലേതെങ്കിലും തലപൊക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും അത്യാവശമെങ്കില്‍ തങ്ങളുടെ ട്രീറ്റ്മെന്റ് ടീമിനെ ബന്ധപ്പെടേണ്ടതുമാണ്.
ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്.
മുമ്പ് മദ്യം കഴിച്ചു കൊണ്ടിരുന്ന സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ തുടങ്ങുക
ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നവരുമായി വീണ്ടും ചങ്ങാത്തം തുടങ്ങുക
മദ്യത്തില്‍ നിന്ന് മാറിനില്ക്കാന് സഹായിക്കുന്നവരുമായി പതിയെപ്പതിയെ ബന്ധം വിഛേദിക്കുക
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകളും ഫോളോഅപ്പുകളും സ്വയം നിര്‍ത്തുക
മറ്റ് ഒഴികഴിവുകള്‍ പറഞ്ഞ് വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ തുടങ്ങുക
ഒരിടവേളക്കു ശേഷം മദ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നിരന്തരമായി വരാന്‍ തുടങ്ങുക
മദ്യത്തില്‍ നിന്നു മാറിനില്ക്കാന് ഇനി ചികിത്സകളോ മറ്റുള്ളവരുടെ സഹായമോ ആവശ്യമില്ല എന്ന അതിരുകടന്ന ആത്മവിശ്വാസം പ്രത്യക്ഷപ്പെടുക
വീട്ടില്‍ മറ്റാരെങ്കിലും മദ്യം ഉപയോഗിക്കാന്‍ തുടങ്ങുക
കുടുംബബന്ധങ്ങളില്‍ ഏതെങ്കിലും കാരണങ്ങളാല്‍ ഉലച്ചിലുകള്‍ വരിക
ശരീരത്തിന് ആരോഗ്യം തിരിച്ചുകിട്ടിയെന്നും ഇനി ഇടക്കൊരു ബിയറോ വൈനോ കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്നുമുള്ള ചിന്താഗതി രൂപപ്പെടുക
മദ്യം കഴിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലെ നല്ല സമയങ്ങളെക്കുറിച്ച് മാത്രം ഓര്‍ക്കാന്‍ തുടങ്ങുകയും, മദ്യം മൂലമുണ്ടായ ബുദ്ധിമുട്ടുകളെ സൌകര്യപൂര്‍വം വിസ്മരിക്കാന്‍ തുടങ്ങുകയും ചെയ്യുക
മറ്റുള്ളവരോടുള്ള ഇടപെടലുകളില്‍ വാശി, രഹസ്യാത്മകത, അമിതമായ ആവശ്യങ്ങള്‍, വഞ്ചന, പക, എടുത്തുചാട്ടം, ദേഷ്യം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ തിരിച്ചുവരിക
മദ്യപാനം നിര്‍ത്തിയാലുണ്ടായേക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുകയും, അവ പ്രാവര്ത്തികമായില്ലെന്ന തോന്നല്‍ രൂപപ്പെടുകയും ചെയ്യുക
അമിതമായ മാനസികസമ്മര്‍ദ്ദമോ വിഷാദമോ ചിന്താക്കുഴപ്പമോ തോന്നിത്തുടങ്ങുക
ഒന്നും ചെയ്യുന്നതിന് ഉന്മേഷം തോന്നാതാവുക
സമയത്ത് ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലുമെല്ലാമുള്ള അശ്രദ്ധ തിരിച്ചുവരിക.
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതാവുക
പഴയ വാശികളെക്കുറിച്ചോ ദുരനുഭവങ്ങളെക്കുറിച്ചോ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങളെക്കുറിച്ചോ ആവശ്യത്തിലധികം ചിന്തിച്ചുകൊണ്ടിരിക്കുക
ദൈനംദിനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണത കാണിക്കാന്‍ തുടങ്ങുക
പ്രിയപ്പെട്ടവരുടെ മരണം, ജോലിനഷ്ടപ്പെടല്‍ തുടങ്ങി ജീവിതത്തെ പിടിച്ചുലക്കുന്ന സംഭവവികാസങ്ങള്‍
ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങള്‍
മുകളില്‍ക്കൊടുത്ത അപായസൂചനകളെ അവഗണിക്കാന്‍ തുടങ്ങുക