ക്ഷത്രിയനായ ശ്രീരാമൻ സസ്യാഹാരിയല്ലെന്ന നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ശരദ് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ജിതേന്ദ്ര അവ്ഹാദിന്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ അവ്ഹാദിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മഹായുതി സർക്കാർ. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവ സേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ബിജെപിയും അടങ്ങുന്ന മഹാരാഷ്ട്രയിലെ മഹായുതി സർക്കാരാണ് അവ്ഹാദിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി അവ്ഹാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് മഹായുതി ആവശ്യപ്പെട്ടിരിക്കുന്നത്.
അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22 ഡ്രൈ ഡേയും (Dry Day) വെജ് ഡേയും( Veg Day ) ആയി ആചരിക്കാനുള്ള നിർദ്ദേശം ബിജെപി ഉന്നയിച്ചതിനു പിന്നാലെയാണ് അവ്ഹാദിന്റെ വിവാദ പ്രസ്താവന “ രാഷ്ട്രീയത്തിൽ വരുമ്പോൾ നമ്മൾ ചരിത്രം മറക്കാൻ പാടില്ല. ശ്രീരാമൻ നമ്മുടേതാണ്, ഭക്ഷണത്തിനായി രാമൻ വേട്ടയാടിയിരുന്നു. ശ്രീരാമൻ ഒരു സസ്യഹാരിയല്ല. സസ്യാഹാരിയായ ഒരാൾക്ക് 14 വർഷം എങ്ങനെ കാട്ടിൽ ജീവിക്കാൻ കഴിയും? – എന്നായിരുന്നു അവ്ഹാദിന്റെ പ്രസ്താവന.
രാമ ഭക്തൻമാരുടെ വിശ്വാസത്തെ തകർക്കുന്ന പ്രസ്താവനയാണ് അവഹാദ് നടത്തിയതെന്ന് മുംബൈ പോലീസ് സ്റ്റേഷനിൽ അവ്ഹാദിനെതിരെ പരാതി നൽകിക്കൊണ്ട് ബിജെപി നേതാവും എംഎൽഎയുമായ റാം കദം പറഞ്ഞു. കൂടാതെ ഹിന്ദു മതത്തെ കളിയാക്കിക്കൊണ്ട് അവർക്ക് വോട്ടുകൾ നേടാൻ കഴിയില്ലെന്നും, ഉദ്ധവ് താക്കറെ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും റാം കദം ചോദിച്ചു. അവ്ഹാദിനെതിരെ അടുത്ത പോലീസ് സ്റ്റേഷനിൽ ഒരു “സീറോ എഫ്ഐആർ (Zero FIR)” രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചതായി താനേയിലെ എൻസിപി നേതാവ് ആനന്ദ് പരഞ്ച്പേ പറഞ്ഞു. ശിർദിയിൽ വച്ചാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയതെങ്കിലും ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അത് മാറ്റാൻ കഴിയുമെന്നും ആനന്ദ് പറഞ്ഞു. കൂടാതെ പ്രസ്താവനയോടുള്ള പ്രതിഷേധ സൂചകമായി അവ്ഹാദിന്റെ വസതിയ്ക്ക് മുന്നിൽ “മഹാ ആരതി” പൂജ നടത്താൻ എൻസിപി അംഗങ്ങൾ ഒത്തുകൂടിയിരുന്നുവെന്നും എന്നാൽ പോലീസ് അവരെ ബലം പ്രയോഗിച്ച് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
Read more: ബിൽക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി
മഹാ വികാസ് അഘാഡിയിലെയും കേന്ദ്ര പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയിലെയും നേതാക്കൾ സനാതന ധർമ്മത്തിന് എതിരാണെന്ന് ശിവ സേന നേതാവ് കൃഷ്ണ ഹെഗ്‌ഡെ പറഞ്ഞു. “ കാട്ടിൽ ജീവിക്കുന്ന അവസരത്തിൽ പഴങ്ങളും മറ്റ് ചെറിയ ഫലങ്ങളും മാത്രമാകും താൻ ഭക്ഷിക്കുക എന്ന് മാതാവായ കൗസല്യക്ക് രാമൻ വാക്ക് നൽകിയിരുന്നുവെന്നും, ഹിന്ദു മതത്തെക്കുറിച്ചുള്ള കാര്യങ്ങൾ മറന്നു പോയെങ്കിൽ അവ്ഹാദ്, രാമായണവും ഉപനിഷത്തുകളും മറ്റ് ഹിന്ദു പുരാണങ്ങളും വായിക്കണമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർത്തു. അവ്ഹാദിന്റെ പ്രസ്താവന അവഹേളനപരവും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് അയോധ്യയിലെ സന്യാസിയായ പരമഹംസ് ആചര്യ പ്രതികരിച്ചു. ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















