പാലക്കാട്:കാൽനൂറ്റാണ്ട് പിന്നിടുന്ന സ്വരലയ പാലക്കാടിന്റെ പിന്നിട്ട വഴികൾ അനാവരണം ചെയ്യുന്ന സുവനീർ ‘സ്വരം സ്വരലയം’ പ്രശസ്ത സാഹിത്യകാരൻ ശ്രീ. വൈശാഖൻ, ശ്രീ. ടി.കെ.ശങ്കരനാരായണനു നൽകി പ്രകാശനം ചെയ്തു.
സുവനീറിൽ ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ശ്രീ. സീതാറാം യെച്ചൂരി, സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ, മന്ത്രിമാരായ ശ്രീ. എം.ബി.രാജേഷ്, ശ്രീ. കെ.എൻ.ബാലഗോപാൽ, ശ്രീ. വി.എൻ.വാസവൻ, ശ്രീ. പി.എ.മുഹമ്മദ് റിയാസ്, ശ്രീ. പി.രാജീവ്, ശ്രീ. കെ.രാധാകൃഷ്ണൻ, ഡോ: ആർ.ബിന്ദു, ശ്രീ. സജി ചെറിയാൻ, ശ്രീ. വി.ശിവൻകുട്ടി, ശ്രീ. കെ.കൃഷ്ണൻകുട്ടി, ശ്രീ. ജോൺ ബ്രിട്ടാസ് എം.പി., കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. കെ.സച്ചിദാനന്ദൻ, പിന്നണി ഗായകരായ ശ്രീ. പി.ജയചന്ദ്രൻ, ശ്രീ. ഉണ്ണിമേനോൻ, ശ്രീമതി. സുജാത മോഹൻ, സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്റർ, ഗാനരചയിതാവ് ശ്രീ. ശ്രീകുമാരൻ തമ്പി, നർത്തകി ശ്രീമതി. അലർമ്മേൽ വള്ളി, സംവിധായകൻ ശ്രീ. ഷാജി എൻ. കരുൺ തുടങ്ങി നിരവധി പ്രമുഖരുടെ ആശംസാ കുറിപ്പുകളും, കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സ്വരലയയുടെ വേദികളിലെത്തിയ പ്രശസ്ത കലാകാരന്മാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും പ്രസംഗശകലങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്വരലയ കഴിഞ്ഞ 25 വർഷങ്ങളിലായി സംഘടിപ്പിച്ച നാലായിരത്തിലധികം പരിപാടികളിലെ പ്രധാനപഹിച്ച പങ്ക് ഇതിൽ നിന്നും പ്രകടമാണെന്ന് ശ്രീ. വൈശാഖൻ സുവനീർ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. സ്വരലയയുടെ ജൈത്രയാത്ര അഭംഗുരം തുടരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സുവനീറിന്റെ എഡിറ്ററായ ശ്രീ. ഇ.ജയചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.
ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങറിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ശ്രീ. ബൽറാം ഒറ്റപ്പാലത്തെ വേദിയിൽ വെച്ച് സ്വരലയക്കു വേണ്ടി പ്രസിഡന്റ് ശ്രീ. എൻ.എൻ.കൃഷ്ണദാസ് അനുമോദിക്കുകയും, പുരസ്കാരം സമർപ്പിക്കുകയും ചെയ്തു. സ്വരലയയുടെ വേദികൾ തന്ന കരുത്താണു തന്റെ പാട്ടുവഴിയിൽ ഊർജ്ജമായതെന്ന് ശ്രീ. ബൽറാം മറുമൊഴിയിൽ പറഞ്ഞു.
ശ്രീ. എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്വരലയ സെക്രട്ടറി ശ്രീ. ടി.ആർ.അജയൻ സ്വാഗതവും, പ്രൊഫ: സി.സോമശേഖരൻ നന്ദിയും പറഞ്ഞു.