പാലക്കാട്: ഗാനഗന്ധർവ്വൻ യേശുദാസിനു സഹസ്രപൂർണ്ണിമ പൂർത്തിയാവുന്ന അവസരത്തിൽ, അദ്ദേഹം പാടി അനശ്വരമാക്കിയ 84 ഗാനങ്ങൾ കോർത്തിണക്കി സംഗീതദിനം ഒരുക്കി സ്വരലയ പാലക്കാട്. യേശുദാസ് @ 84 എന്ന് പേരിട്ട സംഗീത പരിപാടി പ്രശസ്ത സംഗീതജ്ഞൻ ശ്രീ. മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്തെ അത്ഭുതമാണു യേശുദാസ് എന്നും, വളരുമ്പൊഴും നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു എന്നതാണു ആ പ്രതിഭയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ. രഘുനാഥൻ പറളി, ഡോ: കെ.പി.നന്ദകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വരലയ പ്രസിഡന്റ് ശ്രീ. എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ, സ്വരലയ സെക്രട്ടറി ശ്രീ. ടി.ആർ.അജയൻ സ്വാഗതവും, പ്രൊഫ: കെ.മോഹൻദാസ് നന്ദിയും പറഞ്ഞു. ശ്രീ. പി.സത്യൻ സംഗീതദിനത്തെക്കുറിച്ച് ആമുഖഭാഷണം നടത്തി.
ആദ്യഗാനം ‘സുമുഹൂർത്തമായ്..’ ശ്രീ. ബൽറാം ആലപിച്ചു. ശേഷം ‘ഇന്ദ്രവല്ലരി..’, ‘യവനസുന്ദരി..’, ‘ഇളവന്നൂർ മഠത്തിലെ..’, ‘അഷ്ടമുടിക്കായലിലെ..’, ‘മാലിനിനദിയിൽ കണ്ണാടി നോക്കും..’, ‘വൃശ്ചികപ്പെണ്ണേ..’, ‘വെൺചന്ദ്രലേഖ ഒരപ്സരസ്ത്രീ..’, ‘സുറുമയെഴുതിയ മിഴികളെ..’, ‘ജാൻ എ മൻ..’, ‘അകലെ അകലെ നീലാകാശം..’, ‘എന്തൻ നെഞ്ചിൽ..’, ‘അന്തിവെയിൽ പൊന്നുതിരും..’, ‘ഇന്നുമെന്റെ കണ്ണുനീരിൽ..’, ‘മൗനം സ്വരമായ്..’, ‘കനകനിലാവേ..’, ‘രാത്തിങ്കൾ പൂത്താലി ചാർത്തി..’, ‘കിളിപ്പെണ്ണേ..’, ‘പുലരിത്തൂമഞ്ഞു തുള്ളിയിൽ..’, ‘മണിമുറ്റത്താവണിപ്പന്തൽ..’ എന്നു തുടങ്ങി വിവിധ തലമുറകളെ ഏറ്റുപാടിച്ച യേശുദാസിന്റെ നിരവധി ഗാനങ്ങൾ അവതരിപ്പിച്ചത് സദസ്സിനെ രാവിലെ 11 മണി മുതൽ രാത്രി 9 വരെ തുടരെ പിടിച്ചിരുത്തി. ഒടുവിൽ ആലപിച്ച ‘അമ്മ മഴക്കാറിനു കൺനിറഞ്ഞു..’ എന്ന ഗാനവും സദസ്സിന്റെ മനംകവർന്നു..
ഡോ: നന്ദകുമാർ, ശ്രീ. ബൽറാം, ശ്രീ. സന്തോഷ് പൈലി, ശ്രീ. വിമോജ്, ശ്രീ. റെജി സദാനന്ദൻ, ശ്രീ. സജിത്ത് ശങ്കർ, ശ്രീ. സച്ചിദാനന്ദൻ, ശ്രീ. ഈശ്വരൻ നമ്പൂതിരി, ശ്രീമതി. ഉഷ വാര്യർ, ശ്രീമതി. വിമല, ശ്രീ. ജയ്പാൽ, ശ്രീ. സന്തോഷ് പിള്ള, ശ്രീമതി. സുഷിത, കുമാരി. അനിഖ അനിൽ, ശ്രീ. വിഷ്ണു, കുമാരി. മീനാക്ഷി, കുമാരി. അഭിചന്ദ്ര, ശ്രീ. മുകുന്ദൻ, ശ്രീമതി. ഗോപിക സജിത്ത്, ശ്രീമതി. ശ്രീരഞ്ജിനി, കുമാരി. നിത്യശ്രീ തുടങ്ങി അറുപത്തിനാലോളം ഗായകർ സംഗീതവിരുന്നിൽ പങ്കെടുത്തു.
ശ്രീ.പി.ടി.നരേന്ദ്രമേനോൻ, ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, ജില്ലാ കളക്ടർ ഡോ: എസ്.ചിത്ര ഐ.എ.എസ്, തുടങ്ങി കലാ സാഹിത്യ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ യേശുദാസിനു ആശംസകൾ നേരാൻ പരിപാടിയിൽ പങ്കുചേർന്നു.