ഡൽഹി:ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്. ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്.
ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബില്‍ക്കിസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.
ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുള്‍പ്പെടെയുള്ള കേസുകളിലാണ് പ്രതികള്‍ ശിക്ഷയനുഭവിച്ചിരുന്നത്. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു