സിഡ്നി∙ കരിയറിലെ അവസാന ടെസ്റ്റ് ഇന്നിങ്സും പൂർത്തിയാക്കി ഡേവിഡ് വാർണർ. 37 വയസ്സുകാരനായ വാർണർ അവസാന ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയാണ് 13 വർഷത്തെ ടെസ്റ്റ് കരിയറിനോടു വിട ചൊല്ലിയത്. മൂന്നാം മത്സരത്തിൽ എട്ടു വിക്കറ്റു വിജയം നേടിയതോടെ പാക്കിസ്ഥാനെതിരായ പരമ്പര ഓസ്ട്രേലിയ 3–0ന് സ്വന്തമാക്കി. 130 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസിനായി വാർണര്‍ 75 പന്തുകളിൽനിന്ന് 57 റൺസെടുത്തു.
സാജിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യു ആയാണു വാർണർ രണ്ടാം ഇന്നിങ്സിൽ പുറത്തായത്. മത്സരത്തിന്റെ 25–ാം ഓവറിൽ സാജിദ് ഖാന്റെ പന്തിൽ വാർണർക്കെതിരെ പാക്ക് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിച്ചിരുന്നില്ല. എന്നാല്‍ പാക്കിസ്ഥാൻ ഡിആർഎസിനു പോയി. ടിവി അംപയർ ഔട്ടാണെന്നു പ്രഖ്യാപിച്ചതോടെ വാർണർ ഡ്രസിങ് റൂമിലേക്കു മടങ്ങി. നിറഞ്ഞ കയ്യടികളോടെ എഴുന്നേറ്റുനിന്നാണ് ഗാലറി വാർണറെ ആദരിച്ചത്. ഹെൽമറ്റിൽ ചുംബിച്ച് ബാറ്റുയര്‍ത്തി ഗാലറിയെ അഭിവാദ്യം ചെയ്ത ശേഷം വാർണർ ഗ്രൗണ്ട് വിട്ടു.
മടക്കത്തിനിടെ ഗ്ലൗവും ഹെൽമറ്റും കളി കാണാനെത്തിയ ആരാധകന് സമ്മാനിച്ചു. ടെസ്റ്റിൽ 44.60 ആവറേജിൽ 8,786 റൺസുമായാണ് വാർണർ കരിയർ അവസാനിപ്പിക്കുന്നത്. 26 സെഞ്ചറികളും 37 അർധ സെഞ്ചറികളും ടെസ്റ്റ് ക്രിക്കറ്റിൽ താരം നേടി. ടെസ്റ്റിനൊപ്പം ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഡേവിഡ് വാർണർ ട്വന്റി20യിൽ തുടർന്നും കളിക്കുമെന്നാണു വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു