പാരിസ്: ഗസ്സയ്ക്ക് മേൽ ഇസ്രായേൽ ഭരണകൂടം ഉന്നയിച്ച അവകാശവാദങ്ങൾ തള്ളി ഫ്രാൻസ്. ഗസ്സ ഫലസ്തീന്റെ ഭൂമിയാണ് എന്നും അതിന്റെ ഭാഗധേയം ഫലസ്തീനികൾ നിശ്ചയിക്കട്ടെ എന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൽ കൊളോണ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഗസ്സ മുനമ്പിന്റെ ഭാവി നിശ്ചയിക്കേണ്ടത് ഇസ്രായേലല്ല. അത് ഫലസ്തീൻ പ്രദേശമാണ്. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ നമ്മൾ പിന്തുണയ്ക്കുന്നു. അതു മാത്രമാണ് പരിഹാരം. ഗസ്സയിലെ സിവിലിയന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സിവിലിയന്മാരല്ല കുറ്റകൃത്യങ്ങൾ ചെയ്തത്.’ – അവർ പറഞ്ഞു.
ഗസ്സയിൽ നിന്ന് പുറന്തള്ളുന്നവരെ വിദേശത്ത് കുടിയിരുത്തുമെന്ന ഇസ്രായേൽ പ്രസ്താവന നിരുത്തരവാദപരമാണ് എന്നും കാതറിൻ പറഞ്ഞു. അത്തരം നിർദേശങ്ങൾ ഇസ്രായേലിന്റെ തന്നെ താത്പര്യത്തിന് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇസ്രായേലിൽ നിന്ന് പുറത്താക്കുന്നവരെ പാർപ്പിക്കാൻ കോംഗോ അടക്കമുള്ള രാജ്യങ്ങളുമായി ഇസ്രായേൽ ചർച്ച നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഗസ്സയിൽനിന്ന സ്വേഷ്ടപ്രകാരം കുടിയേറിപ്പാർക്കാൻ ഇസ്രായേൽ സൗകര്യം നൽകുമെന്ന് ലികുഡ് പാർട്ടി നേതാവ് ഡാനി ഡാനൻ വ്യക്തമാക്കിയിരുന്നു. ‘അഭയാർത്ഥികളെ’ കൈമാറാനുള്ള ചർച്ചകൾ വിവിധ രാഷ്ട്രങ്ങളുമായി നടത്തിവരികയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ജോർദാനുമായി ചേർന്ന് ഫ്രാൻസ് സഹായവിതരണം തുടരുകയാണ്. ഏഴ് ടൺ സഹായവസ്തുക്കളാണ് ഇരുരാഷ്ട്രങ്ങളും ഗസ്സയിലെ സന്നദ്ധ പ്രവർത്തകർക്ക് വിമാനം വഴി എത്തിച്ചുനൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു